കോട്ടയം: കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ കിഴക്കൻ മേഖലയിൽ വേനൽ മഴ. പൂഞ്ഞാർ, ചോലത്തടം, ചേന്നാട്, പാലാ, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം 5.30 മുതൽ ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടുനിന്നു.
ചിലയിടങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴവും പെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കൊടും ചൂടായിരുന്നു.
പകലും രാത്രിയും ഒരേ പോലെ ചൂട് അനുഭവപ്പെടുകയായിരുന്നു. മഴ പെയ്ത പ്രദേശങ്ങളിൽ ചൂടിന് ചെറിയ ആശ്വാസമായിട്ടുണ്ട്.അടുത്ത രണ്ടു ദിവസങ്ങളിൽ ഇടിയോടുകൂടിയ വേനൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നു.
മഴ പെയ്താലും ഒരു ദിവസം കഴിയുന്പോൾ തന്നെ വീണ്ടും ചുട്ടുപുഴുക്കുന്ന അവസ്ഥയിലാണ്. കടൽ, കായൽ കാറ്റിനും ചൂട് വർധിച്ചിരിക്കുകയാണ്. കടൽ, കായൽ ജലവും ചുട്ടുപഴുത്തിരിക്കുകാണ്.
വൈക്കത്താണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. കുമരകം, പൂഞ്ഞാർ, കോട്ടയം എന്നിവിടങ്ങളിലും താപനില ഉയർന്നു തന്നെയാണ്.