തൊടുപുഴ: കനത്ത ചൂടിൽ ജനങ്ങൾ വലയുന്നു. പകൽസമയങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് നഗര മേഖലകളിലാണ് ചൂട് ജനങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ, മെയ് മാസത്തോടെയാണ് സാധാരണയായി കഠിനമായ ചൂടിൽ ജനങ്ങൾ വലയുന്നതെങ്കിലും ഇപ്പോൾ നേരത്തേതന്നെ സഹിക്കാനാവാത്ത ചൂടാണ് നാട്ടിലെങ്ങും അനുഭവപ്പെടുന്നത്.
പുലർച്ചെ ചെറിയ തോതിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും സൂര്യൻ ഉദിക്കുന്നതോടെ വേനൽച്ചൂടിന്റെ കാഠിന്യമേറുന്നു. ലോറേഞ്ചിനു പുറമേ ഹൈറേഞ്ചിലും ചൂട് അധികരിച്ചു തുടങ്ങി.
വേനൽ അധികരിച്ചതോടെ ശീതളപാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങൾക്കും എസി, ഫ്രിഡ്ജ് , ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. സാധാരണ ശീതള പാനീയ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കു പുറമേ വലിയ തോതിൽ വഴിയോര കച്ചവടവും തകൃതിയായിട്ടുണ്ട്.
കരിക്ക്, കുലുക്കി സർബത്ത്, ഐസ്ക്രീം, സംഭാരം എന്നിവയാണ് വഴിയോരങ്ങളിൽ കൂടുതലായി വിൽപ്പനയ്ക്കുള്ളത്. ഇതിനു പുറമേ വിവിധ തരം ജ്യൂസുകൾ, ഷേയ്ക്കുകൾ, ഫലൂഡ തുടങ്ങി ഉള്ളു തണുപ്പിക്കാനുള്ള ഒട്ടേറെ ഉത്പന്നങ്ങളാണ് കടകളിൽ ഇപ്പോൾ വൻ തോതിൽ വിൽക്കപ്പെടുന്നത്. പലരും കുടുംബസമേതമാണ് ജ്യൂസ് പാർലറുകളിലേക്കും ശീതള പാനീയ കടകളിലേക്കും എത്തുന്നത്. തണുപ്പിച്ച കുപ്പിവെള്ളത്തിനും വിൽപ്പന കൂടി.
വേനൽക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശീതളപാനീയ കടകളിൽ നടത്തുന്ന പതിവു പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ല. ബോട്ടിലുകളിലും മറ്റുമുള്ള ശീതളപാനീയങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വഴിയോരക്കടകളിൽ ശുദ്ധമായ വെള്ളത്തിലാണോ ശീതളപാനീയങ്ങൾ തയാറാക്കുന്നതെന്നും നിരീക്ഷിക്കും. ഉടൻ തന്നെ ഇത്തരം പരിശോധനകൾ ആരംഭിക്കുമെന്ന് ജില്ലാ ഫുഡ്സേഫ്റ്റി അസി.കമ്മീഷണർ പറഞ്ഞു.
ഗൃഹോപകരണ വിൽപ്പന ശാലകളിൽ എയർ കണ്ടീഷണറുകൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിൽപ്പന കൂട്ടാനായി വലിയ ഓഫറുകളും സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എയർകൂളറുകൾ, ഫാൻ, ഫ്രിഡ്ജ് എന്നിവയ്ക്കും വിൽപ്പന കൂടിയതായി വ്യാപാരികൾ പറഞ്ഞു.
ഇതിനിടെ താപനില ഉയരുന്നതിനാൽ ചൂടു മൂലമുള്ള രോഗങ്ങൾക്കും സാധ്യതയേറി. ചൂടുകാലത്ത് കൂടുതലായി കണ്ടു വരാറുള്ള ചിക്കൻപോക്സ് പല മേഖലകളിലും പടർന്നു പിടിച്ചിട്ടുണ്ട്. ചൂട് കൂടുതൽ കനത്താൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുമേറും.
നിർമാണത്തൊഴിലാളികൾ, കർഷക ത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണമെന്നും കുടിവെള്ളം എപ്പോഴും കൈയിൽ കരുതണമെന്നും ഇവർ നിർദേശിക്കുന്നു.
കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും ട്രക്കിംഗും മറ്റും നടത്തുന്ന വിനോദസഞ്ചാരികളും കൃഷിയിടങ്ങൾ ഉള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.