വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ. കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു. അങ്ങനെ 2 മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല. എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം.
ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ. (തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി.