വിഴിഞ്ഞം: യാത്രക്കിടയിൽ ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി സമ്മർ പ്ലോഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത് തമിഴ്നാട് രാമനാഥപുരം സ്വദേശി ജോൺസന് അനുഗ്രഹമായി.
സ്വന്തം പിതാവിനെ അവസാനമൊന്ന് കാണാനുള്ള ഭാഗ്യവും ഇതിലൂടെ ലഭിച്ചു.
കപ്പൽ തീരം വിടുന്നതിന് അവസാന നിമിഷം മുൻപ് അധികൃതരുടെ അടിയന്തര അനുമതിയോടെ ജോൺസൺ വിഴിഞ്ഞം തുറമുഖത്തിറങ്ങി.
സന്ദേശമെത്താൻ നിമിഷങ്ങൾ വൈകിയെങ്കിൽ അന്യരാജ്യം ലക്ഷ്യമാക്കി കപ്പൽ തീരം വിട്ടേനെ.
പാക്കിസ്ഥാനിൽ നിന്ന് ഓയിലുമായി ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് സമ്മർപ്ലോഗ് എന്ന കൂറ്റൻ ടാങ്കർ തീരത്തടുത്തത് .
ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പേരെ കയറ്റാനും രണ്ട് പേരെ ഇറക്കാനുമുള്ള ലക്ഷ്യവുമായി പുലർച്ചെ അഞ്ചരയോടെയാണ് സമ്മറിന്റെ വരവ്.
ക്യാപ്റ്റൻമാരുടെ അധികാര കൈമാറ്റമുള്ളതിനാൽ നാല് മണിക്കൂർ അധികം വേണമെന്നും കപ്പലധികൃതർ ബണ്ഡപ്പെട്ടവരോട്ആവശ്യപ്പെട്ടിരിന്നു.
ഇതനുസരിച്ചുള്ള ക്രൂ ചേഞ്ചിംഗ് നടപടികൾ പൂർത്തിയാകുന്നതിനിടയിൽ കപ്പലിലെ ചീഫ് കുക്കായ രാമനാഥപുരം സ്വദേശി ജോൺസന്റെ പിതാവ് മരണപ്പെട്ടതായ വിവരം ഫോണിലൂടെ ബന്ധുക്കൾ അറിയിച്ചത്.
പിതാവിനെ അവസാനമായി കാണണമെന്ന ആഗ്രഹം സഹപ്രവർത്തകരെ അറിയിച്ചതോടെ സഹായം അഭ്യർഥിച്ചുള്ള സന്ദേശം വിഴിഞ്ഞം പോർട്ട് അധികൃതർക്ക് ലഭിച്ചു.
മാനുഷിക പരിഗണന നൽകിയ പോർട്ടധികൃതർ നടപടികൾ വേഗത്തിലാക്കിയ ശേഷം ജോൺസണ് കപ്പലിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള അടിയന്തിര അനുമതി നൽകി.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുറമുഖത്തിറങ്ങിയ ജോൺസൺ കോവിഡ് പരിശോധനയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി.