കൊച്ചു കുഞ്ഞുങ്ങൾ കരഞ്ഞാൽ കണ്ടുനിൽക്കുന്നവർക്കു വല്ലാത്തൊരു സങ്കടമാണ്. മാതാപിതാക്കൾക്കാണെങ്കിൽ പറയുകയും വേണ്ട. പേടിച്ചാണു കരയുന്നതെങ്കിലോ? എങ്ങനെയും കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനും പേടി അകറ്റാനും ശ്രമിക്കും.
എന്നാൽ, ജപ്പാനിൽ ടോക്കിയോയിൽ ചെന്നാൽ ഇതിൽ അല്പം തിരുത്തൽ വരുത്തണം. അവിടെ കുഞ്ഞുങ്ങളെ കരയിക്കുന്ന ആചാരമുണ്ട്.
കുഞ്ഞുങ്ങൾ കരയുന്നതിനു വേണ്ടി കാത്തിരിക്കുന്ന മാതാപിതാക്കൾ! വെറുതെ കരഞ്ഞാൽ പോരാ, പേടിച്ചുവിറച്ചു കരയണം. ഇങ്ങനെ കരഞ്ഞില്ലെങ്കിലാണ് മാതാപിതാക്കൾക്കു ടെൻഷൻ.
സുമോ ഗുസ്തിക്കാർ
ടോക്കിയോയിലെ മിക്ക ക്ഷേത്രങ്ങളിലും ഈ ആചാരം അരങ്ങേറുന്നുണ്ട്. കുഞ്ഞിനെ കരയിക്കുന്ന ചടങ്ങിൽ പ്രധാന റോൾ സുമോ ഗുസ്തിക്കാരുടേതാണ്.
സുമോ ഗുസ്തിക്കാർ തന്നെ വേണം ആചാരത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളെ കരയിപ്പിക്കേണ്ടത്. ആറു മാസം മുതൽ ഒന്നര വയസ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ഇങ്ങനെ കരയിപ്പിക്കുന്നത്.
400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ‘ക്രൈയിംഗ് സുമോ’ എന്ന ഈ ആചാരം. സുമോ ഗുസ്തിക്കാര്‍ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നതോടെ ഭാവിയില്‍ അവർ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം.
കുഞ്ഞുങ്ങളുടെ കരച്ചിൽ അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നും അവർ വിശ്വസിക്കുന്നു. മാത്രവുമല്ല കുഞ്ഞുങ്ങളുടെ ഈ കരച്ചിൽ ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ.
കരയിപ്പിച്ചേ പിന്മാറൂ!
ആചാരത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെയാണ് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നത്. പല കുട്ടികളും ഭീമാകാരന്മാരും അപരിചിതരുമായ ഗുസ്തിക്കാർ കൈയിലെടുക്കുന്പോൾതന്നെ കരച്ചിൽ ആരംഭിക്കും.
എന്നാൽ, ഗുസ്തിക്കാർ കൈയിലെടുത്താലും കുലുക്കമില്ലാതെ ഇരിക്കുന്നവരുമുണ്ട്. അവരെ കരയിക്കുക എന്നതു പിന്നെ ഗുസ്തിക്കാരുടെ ബാധ്യതയാണ്.
അതുകൊണ്ടു തന്നെ കുഞ്ഞിനെ പൊക്കിയും താഴ്ത്തിയും കറക്കിയുമൊക്കെ ഇത്തിരി പേടിപ്പിച്ചു ഗുസ്തിക്കാർ കരയിക്കാൻ ശ്രമിക്കും. കുഞ്ഞ് കരയുന്നതുവരെ ഈ കലാപരിപാടി തുടരും.
ഇതേസമയം, കുഞ്ഞു കരയണേ എന്നുള്ള പ്രാർഥനയോടെ കാത്തുനിൽക്കുകയാവും മാതാപിതാക്കളും ബന്ധുക്കളും. ഗുസ്തിക്കാരുടെ ഇടപെടലിൽ കുഞ്ഞു കരയുന്നതോടെ സുമോ ഗുസ്തിക്കാരുടെയും മാതാപിതാക്കളുടെയും ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി വിരിയും!