നെയ്യാറ്റിന്‍കര : വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമതി (66) യെ മാരായമുട്ടം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് പത്തുവര്‍ഷത്തിലേറെയായി കിടപ്പുരോഗിയായി കഴിഞ്ഞ ഗോപിയെ ഇക്കാലമത്രയും ശുശ്രൂഷിച്ചത് സുമതിയായിരുന്നു.
ഭര്‍ത്താവിന്റെ അവസ്ഥയില്‍ മനംനൊന്താണ് താന്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
കൃത്യം നിര്‍വഹിച്ച് സുമതി സ്വയം ആത്മഹത്യയ്ക്കായി വീടിനു സമീപത്തെ കുളത്തില്‍ ചാടാന്‍ പോയെങ്കിലും കരയില്‍ ബോധരഹിതയായി വീഴുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു സുമതി.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം പോലീസ് സുമതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തി നേരത്തെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.