തൃശൂർ: അന്തരീക്ഷ ഊഷ്മാവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സുഹിത നിർദേശിച്ചു. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നതു കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും, ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും.
ക്ഷീണം, തലകറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെകുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതമേറ്റവർക്കു കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനുപോലും ഇതു കാരണമാകാറുണ്ട്. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണൽ ഉള്ളിടത്തോ, എസിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം.
ധാരാളം പാനീയങ്ങൾ കുടിക്കണം. ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ, പ്രത്യേകിച്ച് ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ ഉടനെ വിദഗ്ധചികിത്സ തേടണം.മുതിർന്ന പൗരൻമാർ, കുഞ്ഞുങ്ങൾ, മറ്റ് ദീർഘകാല രോഗങ്ങളുള്ളവർ, ദീർഘനേരം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാഘാതം എൽക്കാൻ കൂടുതൽ സാധ്യതയെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.