കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം നിത്യസംഭവമാകുന്നു. ഇന്നലെ കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തീപിടുത്തമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് 1.45-ന് കോട്ടയം ആയുർവേദ ആശുപത്രിക്കു പുറകിലെ മുനിസിപ്പൽ ക്വാർട്ടേഴ്സിനു സമീപം കൂട്ടിയിട്ട ഉണക്ക വിറകുകൾക്കു തീപിടിച്ചു.
ഉണങ്ങിയ പുല്ലിലേക്കും ക്വാട്ടേഴ്സിന്റെ ജനാലയിലേക്കും തീ പടർന്നു. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി 10 മിനിട്ടുള്ളിൽ തീ അണച്ചു.
ഉച്ചകഴിഞ്ഞു 2.40-ന് പുതുപ്പള്ളി പെരുങ്കാവ് ഒറ്റപ്ലാക്കൽ ജോജിയുടെ റബർ തോട്ടത്തിലെ ഉണക്കപ്പുല്ലിനും തീപിടിച്ചു. അര മണിക്കൂറെടുത്താണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണച്ചത്.
വൈകുന്നേരം 6.20-ന് ലോഗോസ് ജംഗ്ഷനു സമീപവും രാത്രി 7.10-ന് കോഴിച്ചന്ത ഭാഗത്ത് ഈരയിൽക്കടവ് തന്പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ചപ്പുചവറുകൾക്ക് തീപിടിച്ചിരുന്നു.
കഠിന വേനലാണ് തീ പിടിത്തമുണ്ടാകാൻ പ്രധാന കാരണമാകുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പകൽതാപനില 36 ഡിഗ്രിവരെയാണ്. ഫെബ്രുവരിയുടെ തുടക്കം മുതൽ 34 ഡിഗ്രിക്കു മുകളിലാണ് പകൽചൂട്.
ഒരാഴ്ചയായി 35 ഡിഗ്രിക്കു മുകളിലും. വരും ദിവസങ്ങളിൽ പകൽതാപനില 39 ഡിഗ്രിയിലേക്ക് കുതിച്ചുകയറുന്നതോടെ കൂടുതൽ തീ പിടിത്തമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. വേനൽ കടുത്തതോടെ ജലസ്രോതസുകളും വേഗം വറ്റുകയാണ്.