ഷാജി പൊന്നന്പുള്ളി
തൃശൂർ: ഹൊ, എന്തൊരു ഉഷ്ണം, ജില്ലയിലെ തീരമേഖല വേനലിൽ ചുട്ടുപൊള്ളിത്തുടങ്ങി. ആഗോളതാപനത്തെത്തുടർന്നാണു കേരളത്തിലെ തീരപ്രദേശങ്ങളിൽ ചൂടുകൂടുന്നതെന്നു കാലാവസ്ഥ നിരീക്ഷകർ. സമുദ്രങ്ങൾ ചൂടുപിടിക്കുന്നതോടെയാണു തീരമേഖലകളിൽ ഉഷ്ണം വർധിക്കുന്നത്.
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായാണ് ഈർപ്പവും ചൂടും കൂടുന്നത്. ലാ നിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഏപ്രിൽ വരെ വേനൽമഴയുണ്ടാകാമെന്നു കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
ഇടമഴ കിട്ടിയില്ലെങ്കിൽ സൂര്യാതപം, ഉഷ്ണതരംഗം എന്നിവയുണ്ടാകുന്നതിനും ഇടയുണ്ട്. സാധാരണഗതിയിൽ ഫെബ്രുവരി ആദ്യം മുതൽ ചൂടു കൂടാറുണ്ടെങ്കിലും ജനുവരിയിൽ മഴ ലഭിച്ചതിനാൽ ഇതു നീണ്ടുപോയി.
ജില്ലയിലെ തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ താലൂക്ക്, ചാവക്കാട് താലൂക്ക് എന്നിവടങ്ങളിൽ മാർച്ച് മാസം ആരംഭം തന്നെ ഉഷ്ണം കൂടുതലാണ്.ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം നന്നായി ചൂടുപിടിക്കും.
ഇതിന്റെ സിംഹഭാഗങ്ങളും ആഗിരണം ചെയ്തിരുന്നതു സമുദ്രങ്ങളായിരുന്നു. സമുദ്രതാപനില അസാധാരണമാം വിധം ഉയരുന്നതും വേനൽമഴയില്ലാത്തതും ഉഷ്ണം വർധിക്കുന്നതിനിടയാക്കുന്നു. ഈർപ്പവും ചൂടും കൂടുന്പോഴാണ് ഉഷ്ണം വർധിക്കുന്നത്.
വേനൽക്കാലം പിറന്നതോടെ രാത്രി ചൂടും പകൽച്ചൂടും വർധിച്ചിരിക്കുകയാണ്. പാലക്കാട് രാത്രിചൂട് 37.6 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചിട്ടുണ്ട്. രാത്രി ചൂട് 25 ഡിഗ്രി സെൽഷ്യസാണ്.
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്
* ശുദ്ധജലം ധാരാളം കുടിക്കുക
* വെയിലത്ത് ജോലി ചെയ്യുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക
* കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
* വയോധികരുടെ ആരോഗ്യക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക
* വായ സഞ്ചാരം വീടിനകത്ത് ധാരാളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
* വീടിനകത്തെ ചൂട് പുറത്ത് പോകുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക
* വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക