പാലക്കാട്: കൊടുംവേനൽചൂടിൽ പാലക്കാടിനു പൊള്ളിത്തുടങ്ങി. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തിയിരുന്നു. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്.
മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2020ൽ മാർച്ച് പകുതിയോടെയാണ് ചൂട് 40ൽ എത്തിയത്. ഇത്തവണ നേരത്തേതന്നെ ചൂട് കൂടിയതിൽ ജനത്തിനു ആശങ്കയുമുണ്ട്.
എന്നാൽ ചൂട് കൂടിയതിൽ ഏറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐആർടിസി അധികൃതർ പറയുന്നു. പകൽ 11നുശേഷം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് താപനില ഉയർന്നുകാണുന്നത്.
ഇത് നാലോ അഞ്ചോ മണിക്കൂർ ആണെങ്കിൽ അപകട സ്ഥിതിയാണെന്ന് പറയാം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.
2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന ചൂട്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും 40 ഡിഗ്രി തൊട്ടു. ചൂട് കൂടുന്നത് സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.