തിരുവനന്തപുരം: വരുംനാളുകളിൽ കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ഈ നാളുകളിൽ കേരളത്തിൽ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്നും വടക്കൻ ജില്ലകളിൽ എട്ടു ഡിഗ്രിയിൽ അധികം ചൂട് വർധിക്കുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പ് ഇങ്ങനെ:
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിൽനിന്നും കൂടുവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മോഡൽ അവലോകനങ്ങളിൽ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തിൽ പൊതുവിൽ രണ്ടു മുതൽ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ ഈ മാസം അഞ്ചിന് ശരാശരിയിൽനിന്ന് എട്ടു ഡിഗ്രിയിൽ അധികം ചൂട് വർധിക്കുവാൻ സാധ്യതയുണ്ടെന്നാണു നിലവിലെ അനുമാനം.
മോഡൽ അനുമാനങ്ങൾ
സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി ചുവടെ ചേർക്കുന്ന നടപടികൾ നിർദേശിക്കുന്നു.
* പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം.
* നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കയ്യിൽ കരുതുക
* രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ എങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക
* പരമാവധി ശുദ്ധജലം കുടിക്കുക
* അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
* വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
* തൊഴിൽ സമയം പുനഃക്രമീകരിച്ചു വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്നു തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കുക.