വടക്കഞ്ചേരി : വേനലിന്റെ വരവറിയിച്ചുള്ള ചൂടും ഇടയ്ക്കുള്ള ശക്തമായ കാറ്റും വരാനിരിക്കുന്ന ഉണക്കുഭീഷണിയുടെ സൂചനകളാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചസമയം നല്ല വെയിലാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാവ്യതിയാനം വഴി ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളും വ്യാപകമാവുകയാണ്. ഇതെല്ലാം കോവിഡിന്റെ കൂടി ലക്ഷണങ്ങളായതിനാൽ ആളുകളിൽ ഭയപ്പാടും ഉണ്ടാക്കുന്നുണ്ട്.
ഒമിക്രോണിന്റെ വരവും ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്.വരണ്ട കാറ്റു വഴി അന്തരീക്ഷം പൊടിയിൽ മുങ്ങുന്നതും രോഗവ്യാപനം വേഗത്തിലാക്കുന്നുണ്ട്.
ഇടയ്ക്ക് ഉണ്ടാകുന്ന ശക്തിയേറിയ കാറ്റ് വ്യാപാരസ്ഥാപനങ്ങൾക്കും വലിയ നഷ്ടം വരുത്തിവയ്ക്കുന്നു.ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ തകർന്നുവീഴുന്ന സ്ഥിതിയുണ്ട്. സ്ഥാപനങ്ങളുടെ പരസ്യബോർഡുകളും പലയിടത്തും കീറിപ്പറിഞ്ഞ നിലയിലായി.
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള പാതയോരത്തെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പലതും കാറ്റടിച്ച് പല തുണ്ടുകളായി മാറുകയാണ്.