ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ നാളെവരെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുണ്ട് എന്ന് പ്രവചിച്ചിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയർന്ന നിലയിൽ തുടരുവാനാണ് സാധ്യത.