ആലപ്പുഴ: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സംസ്ഥാനത്ത് വെയിലത്ത് നിന്നു പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഇവരുടെ തൊഴിൽ സമയം ക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവായി.
ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്നുവരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12നു അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. നിർദ്ദേശം തൊഴിലുടമകളും കരാറുകാരും പാലിക്കണമെന്ന് ജില്ല ലേബർ ഓഫീസർ അറിയിച്ചു. സൂര്യാഘാതം ഏൽക്കുന്നതിന് സാധ്യതയില്ലാത്ത സമുദ്രനിരത്തിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.