ഏറ്റൂമാനൂർ: ഏറ്റുമാനൂരിൽ പുറം ജോലികളിലേർപ്പെട്ടിരുന്ന രണ്ടുപേർക്ക് സൂര്യാഘാതമേറ്റു. ഏറ്റുമാനൂർ പട്ടിത്താനം പഴമയിൽ തങ്കച്ചൻ (50), കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്ക് മേൽക്കൂര നിർമിക്കുന്നതിനിടയിലാണ് സൂര്യഘാതമേറ്റത്. മരപ്പണിക്കാരാണ്. തങ്കച്ചന്റെ പുറത്തും സജിയുടെ കയ്യിലുമാണ് പൊള്ളലേറ്റത്.
മേൽക്കൂരയിലിരുന്ന തങ്കച്ചന് പുറത്തു പൊള്ളലേറ്റതുപോലെ തോന്നിയെങ്കിലും കാര്യമാക്കിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചൊറിച്ചിലും ചെറിയ അസ്വസ്ഥതകളും ഉണ്ടായതായി തങ്കച്ചൻ പറയുന്നു. തങ്കച്ചൻ പണിക്കു ശേഷം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുറത്ത് തോളെല്ലിനോട് ചേർന്ന് വട്ടത്തിൽ കരിവാളിച്ച പാട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനായി.
തങ്കച്ചന്റെ സഹായി രഞ്ജിത്തിന്റെ കയ്യിലും സൂര്യാഘാതമേറ്റതെന്ന് സംശയിക്കുന്ന കരിവാളിപ്പുണ്ട്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.