ആലപ്പുഴ: വേനൽചൂട് വർധിച്ചതോടെ വിവിധ പകർച്ചവ്യാധികളെയും നിർജലീകരണത്തേയും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. വേനൽക്കാലത്തെ പകർച്ച വ്യാധികളിൽ പ്രധാനപ്പെട്ട ചിക്കൻ പോക്സ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പടർന്നു പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ചിക്കൻ പോക്സിനെതിരെയുള്ള വാക്സിനേഷൻ ചെലവേറിയതായതിനാൽ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാതെ നോക്കുക എന്നതാണ് ഫലപ്രദമായ മാർഗം.
രോഗികളുമായുള്ള സന്പർക്കം ഒഴിവാക്കണം. രോഗികൾ പരമാവധി വിശ്രമമെടുത്ത് രോഗം പൂർണമായി മാറിയെന്ന് ഉറപ്പു വരുത്തണം. നിർജലീകരണത്തിൽ നിന്ന് രക്ഷനേടാൻ ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, മോരുവെള്ളം എന്നിവ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.
വേനൽചൂടിന്റെ പശ്ചാത്തലത്തിൽ പാതയോരങ്ങളിൽ ശീതളപാനീയശാലകൾ വ്യാപകമായിട്ടുണ്ട്. ഇവയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിൽ ജലത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു.
ശരീര ശുചിത്വം പാലിക്കണം. ദിവസേന രണ്ടു നേരം കുളിക്കണം. ചർമസംരക്ഷണത്തിന് മുൻതൂക്കം നൽകണം. സൂര്യാഘാതത്തിൽ നിന്നും രക്ഷപെടാൻ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കണം. കോട്ടണ്‍ വസ്ത്രങ്ങൾ ധരിക്കുന്നതാണ് വേനൽകാലത്ത് ഉത്തമം.