കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം.
ധാരാളം വെള്ളം കുടിക്കണം
നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം.
കുട്ടികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം.
പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.
തീപിടിത്തം തടയണം
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോടു ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിംഗ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതാതു സ്ഥാപനങ്ങള്‍ നല്‍കണം.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും അഥോറിറ്റി നിര്‍ദേശിച്ചു.