കോട്ടയം: വരുംദിവസങ്ങളിൽ അന്തരീക്ഷതാപം വർധിക്കാൻ സാധ്യതയുള്ളതിനാൽ പകൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയേറെയാണ്. ചൂട് കൂടി ശരീരത്തിലെ താപം പുറത്തു കളയാൻ കഴിയാതെ, ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശരീരം ചൂടാകുക, വരണ്ട് ചുവക്കുക, നേർത്ത് വേഗത്തിൽ നാഡിമിടിപ്പ്, ശക്തിയായ തലവേദന, മാനസികാവസ്ഥയിൽ മാറ്റം തുടങ്ങിയവ ലക്ഷണങ്ങളാണ്. ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടാകാം. സൂര്യാഘാതമോ കടുത്ത ക്ഷീണമോ അനുഭവപ്പെട്ടാൽ തണുത്ത സ്ഥലത്തേക്ക് മാറിനിൽക്കണം.
തണുത്ത വെള്ളം കൊണ്ട് ശരീരം തടവുക, ഫാനിന്റെയും മറ്റും സഹായത്തോടെ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക തുടങ്ങിയവ ചെയ്യണം. അമിത ചൂട് അനുഭവപ്പെടുന്ന ഈ ദിവസങ്ങളിൽ ഓരോ മണിക്കൂറും നാലു ഗ്ലാസ് വരെ വെള്ളം കുടിക്കണം.
ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും കുടിക്കാം. മദ്യപാനം ഒഴിവാക്കണം. ബിയറും നന്നല്ല. പഴങ്ങൾ കൂടുതലായി കഴിക്കുക. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പുറത്തിറങ്ങി കഠിനജോലി ചെയ്യരുത്. കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്.