സ്വന്തം ലേഖകൻ
തൃശൂർ: ന്തൂട്ട് ചൂടാണിഷ്ടാ….പൊറത്തിറങ്ങ്യാ പൊരിയും….ഇതെന്താ ഇങ്ങനെ…ഇക്കണക്കിന് അടുത്ത മാസം ന്താവും സ്ഥിതി…
രാവിലെ ഏഴുമണി കഴിയുന്പോഴേക്കും ഉഷ്ണം തുടങ്ങും. പത്തുമണിയാകുന്പോഴേക്കും വെയിൽ കത്തിത്തുടങ്ങും. ഉച്ചയോടെ ചൂടിന്റെ കൂട്ടപ്പൊരിച്ചിലാണ്.
സൂര്യാഘാത മുന്നറിയിപ്പുകൾ ആരോഗ്യവകുപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും കരുതൽ നിർദേശങ്ങളുണ്ട്.
ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ
സൂര്യാഘാതമെന്നാൽ
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു.
തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യതയുണ്ട്. ഇതാണു സൂര്യാഘാതം.
ലക്ഷണങ്ങൾ
വളരെ ഉയർന്ന ശരീര താപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലമുണ്ടാകാം. ഇങ്ങനെ സംഭവിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
സൂര്യതാമമെന്നാൽ
സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞതാണ് സൂര്യാതപം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണു സൂര്യാതപം. സൂര്യാതപമേറ്റുള്ള താപ ശരീരഷോണമാണിത്.
ലക്ഷണങ്ങൾ
ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം.
ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്കു മാറാം.
8പ്രതിരോധ മാർഗങ്ങൾ
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുന്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
കാറ്റുകടന്ന് ചൂടു പുറത്തുപോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
വെയിലത്തും മറ്റും പാർക്കു ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
പുറത്തിറങ്ങാതെ നിവൃത്തിയില്ലിഷ്ടാ ….
വെയിൽ കത്തിയാലും അസ്ഥിയുരുക്കും വിധം ആളിക്കത്തിയാലും പുറത്തിറങ്ങാതിരിക്കാൻ കഴിയാത്തവർ ഏറെയുണ്ട്.
ഓണ്‍ലൈൻ ഡെലിവറി ബോയ്സാണ് കൊടുംവെയിലിനെ കൂ സാതെ നാടും നഗരവും ചുറ്റി വെയിൽ മുഴുവൻ കൊള്ളുന്ന ഒരു കൂട്ടർ.കത്തുന്ന ചൂടാണെങ്കിലും അയഞ്ഞ വസ്ത്രങ്ങൾക്ക് പകരം ഓണ്‍ലൈൻ കന്പനികളുടെ പേരുള്ള ഓവർകോട്ടെല്ലാമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന തങ്ങൾക്കു ചൂടെന്ന് പറഞ്ഞ് വീട്ടിലിരിക്കാൻ കഴിയില്ലല്ലോ എന്നാണിവർ പറയുന്നത്.
കൈയിൽ കരുതിയ വെള്ളം കുടിക്കും. കഴിയുന്പോൾ ഹോട്ടലുകളിൽനിന്ന് നിറയ്ക്കും, പിന്നെയും പായും… ഓണ്‍ലൈൻ ഫുഡ് ഡെലിവറി നടത്തുന്നവർ പറഞ്ഞു.
വലിയ കുടയെല്ലാം കൈയിലുണ്ടെങ്കിലും പലപ്പോഴും ചൂട് സഹിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു നഗരത്തിലെ ട്രാഫിക് പോലീസുകാർ പറഞ്ഞു. ഗതാഗതക്കുരുക്ക് കുറയുന്പോൾ തണലത്തേക്ക് മാറിനിൽക്കും. വെള്ളം കുടിക്കും. ഇടയ്ക്കു കണ്ണിലെല്ലാം ഇരുട്ടു കയറും പോലെ തോന്നും. അപ്പോൾ മുഖം കഴുകും.
നടന്നു ലോട്ടറി വിൽക്കുന്നവർക്കു യൂണിഫോം വന്നപ്പോൾ ചൂടേറിയത്രെ. അയഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രം ധരിച്ച് ലോട്ടറി വിറ്റിരുന്ന കാലത്തേക്കാൾ അസഹ്യമാണ് ഇപ്പോഴത്തെ ചൂടെന്നു നഗരത്തിലെ വിവിധ റോഡുകളിൽ നിന്ന് ലോട്ടറി വിൽക്കുന്നവർ പറയുന്നു.
ബ്ലോക്കാണ് മാഷേ സഹിക്കാൻ വയ്യാത്തതെന്ന് ഇരുചക്രവാഹനം ഒാടിക്കുന്നവർ ഒരേ സ്വരത്തിൽ പറയുന്നു. എംജി റോഡിലും പാട്ടുരായ്ക്കലിലും പൂങ്കുന്നത്തുമെല്ലാം കുരുക്കിൽ പെട്ടു കിടക്കുന്പോൾ ഉടലാകെ പൊള്ളും.
ഹെൽമറ്റു കൂടി ധരിക്കുന്നതിനാൽ തല വിയർത്തൊഴുകും. മറ്റു വണ്ടികളിൽ നിന്നും വരുന്ന ചൂടും കൂടിയാകുന്പോൾ ബൈക്കിലും സ്കൂട്ടറിലുമിരുന്ന് ശരിക്കും ഉരുകുമെന്ന് ഇവരുടെ വാക്കുകൾ.
അരുതേ….
ഹോട്ടൽ എന്ന ബോർഡും കൈയിൽ കൊടുത്ത് നട്ടപ്പൊരി വെയിലത്ത് ആളുകളെ ഹോട്ടലുകൾക്കു മുന്നിൽ നിർത്തി ഭക്ഷണം കഴിക്കാൻ ആളെ വിളിച്ചു കയറ്റുന്നത് ഈ കൊടുചൂടിൽ ചെയ്യരുതേ…
ജില്ലയിൽ ഇത്തരത്തിൽ ചെയ്യുന്ന ചില ഹോട്ടലുകാരുണ്ട്. കുട പിടിച്ചാണ് ബോർഡും പിടിച്ച് നില്പെങ്കിലും അത് ക്രൂരതയാണ്.