കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ ഫിഷറീസ് വകുപ്പ് താൽകാലിക ജീവനക്കാരനടക്കം രണ്ടുപേർക്ക് സൂര്യതാപമേറ്റു. കുളത്തുപ്പുഴ നെടുവന്നൂർ കടവിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിലെ താൽകാലിക ജീവനക്കാരനായ ഇ.എസ്.എം. കോളനി സ്വദേശി ഷൈജു ഷാഹുൽ ഹമീദ്, കുളത്തൂപ്പുഴ ഗവ.യു.പി. സ്കൂളിലെ അധ്യാപകനായ എം.എം.ഇല്യാസ് എന്നിവരാണ് സൂര്യാഘാതമേറ്റ് ചികിത്സ തേടിയത്.
കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം കൂടിയായ ഷൈജു ഷാഹുൽ ഹമീദ് ജോലിക്കിടെ കഴുത്തിലും മുതുകിലും കൈക്കും പൊള്ളലേറ്റാണ് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. രണ്ടു ദിവസം മുമ്പ് കൈതണ്ടയിൽ പുകച്ചിലും തുടർന്ന് വൈകുന്നേരത്തോടെ ചെറിയ തോതിൽ പൊള്ളലേറ്റെങ്കിലും സൂര്യതാപമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാൽ ഇന്നലെ കഴുത്തിലും മുതുകത്തും ഇതേ അനുഭവമുണ്ടാവുകയും തൊലിപ്പുറം നിറം മങ്ങി പൊള്ളി പൊന്തുകയുമായിരുന്നു. പുറമെ ജോലിയെടുക്കുന്ന നിർമാണ തൊഴിലാളികളിൽ പലർക്കും ശരീരത്തിൽ നിറം മാറ്റവും പുകച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കിലും സൂര്യതാപമാണെന്ന് തിരിച്ചറിയാത്തതിനാൽ ചികിത്സ തേടിയിട്ടില്ലെന്ന് തൊഴിലാളികളിൽ ചിലർ വ്യക്തമാക്കി.
കൂടുതൽ വെള്ളം കുടിക്കുന്നതിനും രാവിലെ പതിനൊന്നു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് വെയിലേൽക്കുന്നത് പരമാവധി കുറക്കണമെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെന്മല നെടുമ്പാറ ഹൈസ്കൂൾ വിദ്യാർത്ഥി സെയ്ദ് അലി എന്ന വിദ്യാർത്ഥിക്കാണ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് സൂര്യാഘാതമേറ്റത് .