കോട്ടയം: താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചു – 39.9 ഡിഗ്രി. ഐഎംഡിയുടെ വടവാതൂര്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഇന്നലെ രണ്ടരയോടെയാണ് സാധാരണ തോതിനേക്കാള്‍ മൂന്നു സെല്‍ഷ്യസ് കൂടുതല്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വടവാതൂരില്‍ രേഖപ്പെടുത്തിയത് 39 ഡിഗ്രിയായിരുന്നു. ഇന്നലെ മാത്രം ഒരു സെല്‍ഷ്യസ് വര്‍ധനയുണ്ടായി.
വടവാതൂരിനു പുറമെ പൂഞ്ഞാറിലും കുമരകത്തുമാണ് ജില്ലയില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുള്ളത്. പൂഞ്ഞാറില്‍ 36.9, കുമരകത്ത് 37.3 സെല്‍ഷ്യസായിരുന്നു ഇന്നലെ ഉയര്‍ന്ന താപനില. ഇന്ന് വടവാതൂരില്‍ 40 ഡിഗ്രിയിലെത്തി സംസ്ഥാനത്തെതന്നെ റിക്കാര്‍ഡില്‍ എത്തിയേക്കാം.
പുനലൂരിലും പാലക്കാട്ടും മുന്‍പ് രേഖപ്പെടുത്തിയ 41 ഡിഗ്രിയെയും വരുംദിവസങ്ങളില്‍ കോട്ടയം മറികടന്നേക്കാം.മുന്‍പ് മാര്‍ച്ച് മാസത്തിലായിരുന്നു കോട്ടയത്ത് ചൂട് 37 ഡിഗ്രി കടന്നിരുന്നത്. ഫെബ്രുവരിയില്‍ത്തന്നെ ഇത്തരത്തിലുണ്ടായ പ്രതിഭാസം പല തലങ്ങളില്‍ പ്രഖ്യാഘാതമുണ്ടാക്കും.
വരള്‍ച്ച, കൃഷിനാശം, രോഗങ്ങള്‍, ജീവജാലങ്ങള്‍ ചത്തൊടുങ്ങാനുള്ള സാധ്യത, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണ്. പുതുപ്പള്ളി റബര്‍ ബോര്‍ഡ് കേന്ദ്രത്തില്‍ ഇന്നലെ 38.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. രാത്രി താപനില 25 ഡിഗ്രിയില്‍ ഉയര്‍ന്നു നില്ക്കുന്നതിനാൽ ഉഷ്ണം കൂടുകയാണ്.