പാലക്കാട്: കടുത്ത വേനലിൽ നെഞ്ചകത്തു തീയുമായി പാലക്കാട്ടുകാർ. തീപാറിയ്ക്കുന്ന കാറ്റും കാഴ്ച്ചയെ തളർത്തുന്ന വെളിച്ചവും മാത്രമല്ല പാലക്കാടിന് ഈ വേനൽ. കുടിവെള്ളം, തീപിടുത്തങ്ങൾ തുടങ്ങി നിരവധി പൊള്ളുന്ന സംഭവ വികാസങ്ങളുമായി തകർത്താടുകയാണ് വേനൽ. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധിപേർക്ക് ഇതിനകം സൂര്യാഘാതമേറ്റ് പൊള്ളലേറ്റു.
കഴിഞ്ഞദിവസം ഒന്നരവയസിനുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ യുവതി തളർന്നുവീണ് മരിച്ചത് താപാഘാതത്തെ തുടർന്നാണെന്ന് പ്രാഥിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് അപൂർവമായ ഈ സംഭവത്തെ ഇത്തരത്തമൊരു നിഗമനത്തിൽ കാണുന്നത്. ടെറസിൽ കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണ് മരിച്ചത്.
സംഭവദിവസം പ്രദേശത്ത കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കുമെന്നും അധികൃതർവ്യക്തമാക്കിയിട്ടുണ്ട്, ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25)ആണ് മരിച്ചത്.കനത്ത ചൂടിൽ വെന്തുരുകയാണ് പാലക്കാട്. പകൽസമയത്തെ ശരാശരി താപനില 40-41 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് കടുത്ത വരൾച്ച തന്നെയെന്നു ഉറപ്പിക്കാം.
മാർച്ച് മാസം തുടങ്ങുന്പോൾത്തന്നെ പാലക്കാട്ടെ താപനില 40 ഡിഗ്രിയിലേക്കടുത്തിരുന്നു. രാത്രികാലങ്ങളിൽ നല്ല തണുപ്പും പകൽ കനത്ത ചൂടുമെന്നതായിരുന്നു അന്തരീക്ഷം.വരും ദിവസങ്ങളിൽ 42 വരെ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നേരത്തെ, 2015ലാണ് പാലക്കാട് അന്തരീക്ഷ താപനില 40 കടന്നത്.
അന്ന് 41.5 രേഖപ്പെടുത്തി. 2016 ൽ 41.9 ഉം രേഖപ്പെടുത്തി. ചൂട് കനത്തുതുടങ്ങിയ ഫെബ്രുവരിയിൽ തന്നെ മലന്പുഴയിൽ ആടുകൾ ചത്തുവീണതും ആശങ്ക പടർത്തിയിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
കുടിവെള്ളം വിതരണം ചെയ്യുന്ന പാലക്കാട് ജില്ലയിലെ മലന്പുഴ, പറന്പിക്കുളം ഡാമുകളിലെല്ലാം ക്രമാതീതമായി ജലനിരപ്പു താഴ്ന്നു. ഈ നില തുടർന്നാൽ കടുത്ത ജലക്ഷാമമാകും ജില്ല അനുഭവിക്കുക. പ്രളയം നല്കിയ മുന്നറിയിപ്പായിരുന്നു ഈ കനത്ത വേനലെങ്കിലും ഇത്രത്തോളമെത്തുമെന്നു ആരും കരുതിയിരിക്കില്ല. വേനൽ തകർത്താടുകയാണ്, പാലക്കാട്ടുകാരുടെ നെഞ്ചകത്തിൽ തീ പടർത്തിക്കൊണ്ട്.