തൃശൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ഉച്ചയ്ക്കു 11 മുതൽ മൂന്നുവരെ നേരിട്ടു വെയിൽ കൊള്ളുന്നതു കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം.
ക്ഷീണം, തലകറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതമേറ്റവർക്കു കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും. ഇതു തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ചു മരണത്തിനു പോലും കാരണമാകാറുണ്ട്. സൂര്യാഘാതമായി സംശയം തോന്നിയാൽ തണലത്തോ എസിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണമെന്നു ഡിഎംഒ നിർദേശിച്ചു.
രോഗിക്കു ബോധം വീണ്ടെടുക്കാനാവുന്നില്ലെങ്കിൽ ഉടനേ വിദഗ്ധ ചികിത്സ തേടണം. മുതിർന്ന പൗരൻമാർ, കുഞ്ഞുങ്ങൾ, മറ്റ് ദീർഘകാല രോഗമുള്ളവർ, ദീർഘനേരം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാഘാതം ഏൽക്കാൻ കൂടുതൽ സാധ്യത.