വടക്കഞ്ചേരി: അസഹനീയമായ വേനൽച്ചൂടിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ നാല്പതുശതമാനം കുറവുണ്ടാകുന്നതായി ബസുടമകൾ. ഇരുന്നൂറിലേറെ ബസുകളുള്ള തൃശൂർ-പാലക്കാട് റൂട്ടിൽ ഉച്ചയ്ക്ക് 12നും മൂന്നിനുമിടയ്ക്ക് യാത്രക്കാർ നന്നേ കുറഞ്ഞു. ഉച്ചസമയത്തെ ട്രിപ്പുകൾ പലതും കാലിയായിട്ടാണ് സർവീസ് നടത്തുന്നതെന്ന് ബസുടമ നേതാവ് ജോസ് കുഴുപ്പിൽ പറഞ്ഞു.
ആളില്ലാതെ ചില ബസുകൾ ഉച്ചയ്ക്ക് ട്രിപ്പ് റദ്ദാക്കുകയും ദൂരം കുറയ്ക്കുകയും ചെയ്യുകയാണ്. ഉച്ചസമയത്ത് വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രം ഓടുന്ന ബസുകളുമുണ്ട്. മുൻവർഷങ്ങളിലൊന്നും ഇല്ലാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ചൂടിനെ പേടിച്ച് ആളുകളൊന്നും വീട്ടിൽനിന്നും പുറത്തിറങ്ങുന്നില്ല.
ഇതിനിടെ സൂര്യാഘാതംമൂലമുള്ള മരണങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നതും ജനങ്ങളുടെ ആധി വർധിപ്പിക്കുകയാണ്. ദേശീയപാതയിൽ ഉച്ചസമയങ്ങളിൽ മറ്റു വാഹനങ്ങളുടെ എണ്ണത്തിലും വൻകുറവാണ് ഉണ്ടാകുന്നത്. അത്യാവശ്യം വാഹനങ്ങൾ മാത്രമാണ് ഉച്ചസമയങ്ങളിൽ റോഡിൽ കാണുന്നുള്ളൂ.
ടോൾ ബൂത്തുകളിൽ ഉച്ചയ്ക്ക് വാഹനങ്ങളുടെ വലിയ കുറവുണ്ട്. പെട്രോൾ പന്പുകളിലും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങൾ കുറവാണെന്നാണ് പന്പുടമകൾ പറയുന്നത്. വ്യാപാര, കച്ചവടമേഖലയിലും ചൂടിന്റെ പ്രതിഫലനമുണ്ട്.