കോഴിക്കോട് : ജില്ലയില്‍ ഏഴ് പേര് കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .വി. ജയശ്രീ അറിയിച്ചു. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യാതാപമേറ്റ് ചികില്‍സക്കെത്തിയവരുടെ എണ്ണം 40 ആയി.ഇന്ന് കനത്ത ചൂടു മൂലം രണ്ടുപേര്‍ക്ക് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായി. ഇതില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയാണ്.
ബാക്കി അഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായിട്ടുണ്ട്. ഇതുവരെ പത്ത് പേര്‍ക്കാണ് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായിട്ടുള്ളത്. മത്സ്യവില്‍പ്പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത് .
പുറം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും, കുട്ടികള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, പ്രായമായവര്‍, വഴിയോര കച്ചവടക്കാര്‍, എന്നിവര്‍ സൂര്യാതപമേല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.
നിര്‍ജ്ജലീകരണം തടയാന്‍ എല്ലാവരും പകല്‍ സമയ ങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കണം. ഉപ്പിട്ട കഞ്ഞി വെള്ളം എന്നിവ കുടിക്കണം.
വീട്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ വെയില് കൊള്ളാതിരിക്കാന്‍ കട, തൊപ്പി, എന്നിവ ഉപയോഗിക്കണം. അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കൈയില്‍ കരുതണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ ജനുവരി മുതല്‍ 22 സ്ഥീരികരിച്ച മഞ്ഞപ്പിത്ത കേസുകളും സംശയാസ്പദമായ 266 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ യാതൊരു കാരണവശാലും വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്ന സോഡ ,കുലുക്കി സര്‍ബത്ത് ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കരുത് .
തുറന്നു വച്ച പഴങ്ങളും മറ്റ് ആഹാരസാധനങ്ങളും കഴിക്കരുത്. ആഹാര -കുടിവെള്ള ശുചിത്വം കര്‍ശനമായി പാലിക്കണം . ജലജന്യരോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഡിഎംഒ.അറിയിച്ചു.
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിലെവയലിൽ ജോലി ചെയ്യുന്നതിനിടയിൽ കർഷകന് സൂര്യാതപമേറ്റു. വെസ്റ്റ് ചേന്ദമംഗല്ലൂർ സ്വദേശി ചെറുകുന്നത്ത് ഇല്യാസ്(44) നാണ് സൂര്യാതപമേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് പൊള്ളലേറ്റത്.മണാശ്ശേരിയിൽ പാട്ടത്തിനടുത്ത വയലിൽ നട്ട വാഴകൾ ഒടിഞ്ഞ് വീഴാതിരിക്കാൻ കയർ കെട്ടുന്നതിനിടയിലാണ് സൂര്യതാപമേറ്റത്.
പെട്ടെന്ന് മിന്നൽ പോലെ സൂര്യവെളിച്ചം കഴുത്തിന്റെ വലത് ഭാഗത്ത് പതിച്ചു കരുവാളിക്കുകയായിരുന്നു. അൽപ്പസമയത്തിനകം പുകച്ചിലും വേദനയുമനുഭവപ്പെട്ടു .ഉടനെ തന്നെ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളമെടുത്ത് തണുപ്പിക്കുകയായിരുന്നു.