കാക്കനാട്: സൺഫിലിം ഒട്ടിച്ച കാറുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ഇന്നലെ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം ആർടിഒ പരിധിയിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 27 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു.
പിടികൂടിയ കാറുകളിൽ നിന്ന് സൺഫിലിമുകൾ നീക്കം ചെയ്യുകയും ആയിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടും കുറ്റങ്ങളിൽ കുറവു വരുന്നില്ലെന്ന് ആർടി ഉദ്യോഗസ്ഥർ പറയുന്നു.
വാഹനങ്ങളിൽ സൺഫിലിമുകൾ ഉപയോഗിക്കരുതെന്ന് വർഷങ്ങൾക്ക് മുമ്പ് നിയമപരമായി അറിയിപ്പുകൾ ഉണ്ടായിട്ടും ഇപ്പോഴും കാറുകളുടെ സൈഡ് ഗ്ലാസുകളിൽ സൺ ഫിലിം ഒട്ടിക്കുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ആർടിഒ ജോസി പി. ജോസിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.