തിരുവനന്തപുരം : കനത്ത ചൂടിൽ വെന്തുരുകി കേരളം. ഉച്ചസമയത്ത് മാത്രം കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥയിൽ നിന്ന് മാറി ഇപ്പോൾ രാവിലെ മുതൽ തന്നെ 30 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ്.
സംസ്ഥാനത്ത് പലയിടത്തും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. ഉഷ്ണതരംഗത്തിന് സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം.
ഈ വർഷം ഇതുവരെ ഉണ്ടായതിൽ റിക്കാർഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഇവിടങ്ങളില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ചിലയിടത്ത് താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും വേനൽ മഴ പൊതുവെ ദുർബലമാകുമെന്നും മുന്നറിയിപ്പുണ്ട്. താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു വരികയാണ്.
തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.