തൃശൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉച്ചയ്ക്ക് 11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് കഴിവതും ഒഴിവാക്കണം. പുറത്തുപോകുന്നവർ കുട ഉപയോഗിക്കണം.
ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യണം. ക്ഷീണം, തലക്കറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെക്കുറഞ്ഞ് കടുംമഞ്ഞനിറത്തിൽ ആവുക, ദേഹത്ത് പൊള്ളലേറ്റതുപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതമേറ്റവർക്ക് കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. തലച്ചോർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനു പോലും ഇത് കാരണമാകും. സൂര്യാഘാതമേറ്റതായി തോന്നിയാൽ തണലത്തോ, എയർ കണ്ടീഷൻ ചെയ്ത മുറിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കംചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം.
ധാരാളം പാനീയങ്ങൾ കുടിക്കണം. ഇവകൊണ്ട് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട്, ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ ഉടനെ വിദഗ്ധ ചികിത്സ തേടണം. മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, മറ്റ് ദീർഘകാല രോഗമുള്ളവർ, ദീർഘനേരം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാഘാതം ഏൽക്കാൻ കൂടുതൽ സാധ്യതയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.