കോട്ടയം: താപനില മാറ്റമില്ലാതെ തുടരുന്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന മഴയ്ക്ക് ഈ ആഴ്ച സാധ്യതയില്ല. ഒരാഴ്ച കൂടി താപനില ഇതേ അവസ്ഥയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കഴിഞ്ഞ ഞായറാഴ്ചയുണ്ടായതിനേക്കാൾ അൽപ്പം കുറവു വന്നുവെങ്കിലും പകൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയ്ക്കു മാറ്റമില്ല.
കഴിഞ്ഞ രണ്ടു ദിവസമായി ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുശേഷം മഴയ്ക്കു സാധ്യതയുണ്ടെങ്കിലും അതുവരെ ചൂട് ഉയർന്നു നിൽക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്നലെ പുതുപ്പള്ളിയിലെ റബർ ഗവേഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 36.5 ഡിഗ്രിയായിരുന്നു.
ഞായറാഴ്ച 38.5 ഡിഗ്രിയും തിങ്കളാഴ്ച 36.4 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 34.5 ഡിഗ്രി സെൽഷ്യസാണ്. ഫെബ്രുവരിയിൽ തുടർച്ചയായ ദിവസങ്ങളിൽ പകൽ താപനില 36.5 ഡിഗ്രിക്കു മുകളിൽ നിൽക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
മുന്പ് ഫെബ്രുവരിയിൽ ചൂട് ഉയർന്നിട്ടില്ലെന്നു മാത്രമല്ല, തുടർച്ചയായ ദിവസങ്ങളിൽ ചൂട് ഉയരുന്നതുമാണ് ആശങ്ക വർധിക്കാൻ കാരണം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽ താപനില ശരാശരിയേക്കാൾ രണ്ടു ഡിഗ്രിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആശങ്ക ഉളവാക്കുന്നു.
ഞായറാഴ്ച കോട്ടയത്തു രേഖപ്പെടുത്തിയ 38.5 ഡിഗ്രി സെൽഷ്യസാണു കോട്ടയത്ത് ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില. പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ച് മുന്പ് നാലു തവണ 38.5 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു.
കോട്ടയത്തു 38.5 ഡിഗ്രി താപനില രേഖപ്പെടുത്തിയ ദിവസങ്ങൾ
1998 ഏപ്രിൽ ആറ്
2014 മാർച്ച് 18
2018 മാർച്ച് ഒന്പത്
2019 മാർച്ച് 26
2020 ഫെബ്രുവരി 23