കോട്ടയം: പൊള്ളുന്ന ചൂടിൽ കോട്ടയം പട്ടണം തിളച്ചു മറിയുന്പോൾ ഫ്രഷ് ജ്യൂസുകൾക്ക് ആവശ്യക്കാരേറെയാകുന്നു. കോട്ടയത്തിന്റെ ശരാശരി ചൂടിൽനിന്നും നാലു ഡിഗ്രി അധികമാണ് ഇപ്പോൾ പകൽ അുഭവപ്പെടുന്നത്.
37 ഡിഗ്രി ചൂട് അനുഭവപ്പെട്ടതോടെ യാത്രക്കാരും പുറം തൊഴിലാളികളും തളർന്നു പോകുന്ന കാഴ്ചയാണ്. വേനലിന്റെ ആധിക്യത്തിൽ ശരീരം തണുപ്പിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള സുലഭമായ മാർഗമായി ജ്യൂസ് മാറിയതോടെയാണു കച്ചവടത്തിന് ഇപ്പോൾ ഡിമാൻഡ് കൂടാൻ കാരണം. ബേക്കറികൾക്കു പുറമേ ഫ്രൂട്ട് സ്റ്റാൾ, വഴിയോരക്കച്ചവടം എന്നിവിടങ്ങളിലായി സുലഭമായി ഫ്രഷ് ജ്യൂസുകൾ ലഭ്യമാകുന്നുണ്ട്.
തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, ക്യാരറ്റ്, മുസന്പി തുടങ്ങിയവയ്ക്കാണ് ഏറെ ഡിമാൻഡ്. നാരാങ്ങാവെള്ളം, ഇളനീർ, കരിന്പുനീര്, സർബത്ത്, മോരുംവെള്ളം എന്നിവയ്ക്കും ആവശ്യക്കാരേറി വരുന്നുണ്ട്. തണ്ണിമത്തന്റെ സീസണ് ആയതും മറ്റു പഴവർഗങ്ങൾ വലിയ സുലഭമായതും വേനലിൽ ആശ്വസമായി മാറുന്നു. പാക്കറ്റ് വെള്ളത്തിനും ദിനം പ്രതി കച്ചവടം കൂടുകയാണ്.
ജ്യൂസുകൾക്കു ഡിമാൻഡ് ഏറുന്പോൾ തന്നെ പൈനാപ്പിളും പപ്പായയും കഴിക്കുന്നത് ഒഴിവാക്കുന്നുണ്ട്. കോള, സോഡ എന്നിവയും കഴിക്കുന്നത് ഈ സമയത്തു ശരീരത്തിനു നല്ലതല്ലെന്നും ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചിരുന്നു. കഞ്ഞിവെള്ളം, മോരുംവെള്ളം, തിളപ്പിച്ചാറ്റിയ മല്ലിവെള്ളം, രാമച്ചം, നന്നാറി, പതിമുഖം എന്നിവ ഇട്ട വെള്ളം ഉപയോഗിക്കുന്നതാണ് ശരീരത്തിനു നല്ലതെന്ന ബോധവൽക്കരണവും പല ശ്രോതസുകളിലൂടെ നടക്കുന്നുണ്ട്.
പുനലൂരിനേയും പാലക്കാടിനേയും മറി കടന്നു ചൂട് കൂടിയ പ്രദേശമായ കോട്ടയം മാറിയതോടെയാണു പഴങ്ങളുടെ വിപണി സജീവമായത്. അന്തരീഷ താപം ക്രമാതീതമായി ഉയരുന്പോൾ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും സൂര്യതപവും ജനങ്ങളെ വലക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ വന്നതോടെ ജനങ്ങൾ കൂടുതൽ ജാഗരൂകരായിട്ടുണ്ട്.