കുമരകം: അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം നാനാവിധ കൃഷികളെ ബാധിക്കാൻ സാധ്യത ഏറെയാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു.
നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങി എല്ലാ കൃഷികൾക്കും നിലവിലെ കൂടിയ താപം ദോഷം ചെയ്യുമെന്നും അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.
വേനൽക്കാല മുന്നറിയിപ്പുകൾ
ചുടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക.
മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾക്കൊണ്ട് പുതയിടുക.
വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക.
ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക.
വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക.
തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബെൽറ്റ് നിർമിക്കുക.
കീടങ്ങളുടെആക്രമണം കൂടുന്നു
പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ വർധനവിനുള്ള സാഹചര്യം അനുകൂലമാണ്.
ഈ സാഹചര്യത്തിൽ പച്ചക്കറിവിളകളിൽ വേപ്പധിഷ്ഠിത കീടനാശിനികളോ മറ്റ് ജൈവ കീടനാശിനികളോ തളിക്കാവുന്നതാണ്.പകൽ സമയത്തെ ഉയർന്ന താപനിലയും പുലർച്ചെയുള്ള താഴ്ന്ന താപനിലയും നെല്ലിലെ മുഞ്ഞയുടെ വർധനവിന് കാരണമാകുന്നു.
കൃഷിയിടം കൃത്യമായി നിരീക്ഷിക്കുകയും കീടത്തിന്റെ രൂക്ഷമായ ആക്രമണം കണ്ടാൽ നിയന്ത്രണത്തിനായി വിദഗ്ധോപദേശം തേടുകയും ചെയ്യണം. ഫോൺ. 7715836662.