ജൂലൈ 31ന് വിക്ഷേപിക്കുന്ന നാസയുടെ സൂര്യദൗത്യമായ പാർക്കർ സോളാർ പ്രോബിനൊപ്പം സൂര്യന്റെ സമീപത്തെത്തുന്നത് 11,37,200 ആളുകളുടെ പേരുകൾ. കഴിഞ്ഞ മാർച്ചിലാണ് സൂര്യനിൽ പേരെത്തിക്കാനാഗ്രഹിക്കുന്നവർ ഓണ്‍ലൈനായി തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ നാസ ആവശ്യപ്പെട്ടത്.
രജിസ്റ്റർ ചെയ്ത ആളുകളുടെ പേരുകൾ ഒരു മെമ്മറി കാർഡിലാക്കി പേടകത്തിൽ സൂക്ഷിക്കും. ഫിസിക്സ് ശാസ്ത്രജ്ഞനായിരുന്ന യുജീൻ പാർക്കർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഫലകത്തിലാണ് ഈ മെമ്മറി കാർഡ് വെൽഡ് ചെയ്തു വയ്ക്കുക. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില വാചകങ്ങളും ഈ ഫലകത്തിൽ രേഖപ്പെടുത്തും.
സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾക്കു ശരിയായ ദിശ നൽകിയ ശാസ്ത്രജ്ഞൻ എന്നാണ് യുജീൻ പാർക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് നാസ തങ്ങളുടെ ആദ്യ സൂര്യദൗത്യത്തിനു പാർക്കർ സോളാർ പ്രോബ് എന്നു പേരു നൽകിയിരിക്കുന്നത്.