വിഴിഞ്ഞം: നിയന്ത്രണം തെറ്റി ഒഴുകിയ സുനാമി മുന്നറിയിപ്പ് സംവിധാനം തിരികെ വിഴിഞ്ഞത്ത് എത്തിച്ചു. പട്രോളിംഗിന് പോയ തീര സംരക്ഷണ സേനയാണ് ഉപകരണം കണ്ടുപിടിച്ച് വിഴിഞ്ഞത്ത് തിരികെ എത്തിച്ചത്. സുനാമി, കാറ്റ്, കടലൊഴുക്ക് എന്നിങ്ങനെ കടലില്‍ ഉണ്ടാകുന്ന പ്രകൃതി വ്യത്യാസങ്ങള്‍ കണ്ടു പിടിച്ച് മത്സ്യത്തൊഴിലാളികളെയും ജനത്തേയും അറിയിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് അധികൃതര്‍ കൊല്ലം നീണ്ടകര കടലില്‍ നിക്ഷേപിച്ചിരുന്ന കൂറ്റന്‍ ഉപകരണം ആണ് ലക്ഷ്യം തെറ്റി അലഞ്ഞത്.
തിരയടിയില്‍ കൂടി ഒഴുകുകയായിരുന്ന മുന്നറിയിപ്പ് ഉപകരണത്തെ മുതലപ്പൊഴിഭാഗത്ത് വച്ചാണ് കോസ്റ്റഗര്ഡ് കണ്ടെത്തിയത്. ഏറെ തന്ത്രപ്രധാനമെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഴിഞ്ഞത്തും മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. കോവളം ഭാഗത്ത് ഉള്‍ക്കടലില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ വിഴിഞ്ഞം തിരദേശ പോലീസ് സ്റ്റേഷന് സമീപത്ത് മത്സ്യ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സ്ക്രീനില്‍ പതിഞ്ഞിരുന്നു.
എല്ലായിപ്പോഴുമുള്ള കടല്‍ വ്യതിയാനങ്ങളുടെ വിവരങ്ങള്‍ ക്രിത്യമായി ലഭിച്ചിരുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും അനുഗ്രഹമായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ കടലില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് യന്ത്രം അധികൃതര്‍ മാറ്റിക്കൊണ്ട് പോയതോടെ സ്മാരകമായി ടവര്‍ മാത്രം വിഴിഞ്ഞത്ത് അവശേഷിച്ചിരിക്കുകയാണ്.