ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സമര്‍പ്പിച്ച രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലും മരണകാരണം അവ്യക്തമല്ല. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) തയാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ മരണകാരണം സംബന്ധിച്ചു സൂചനലഭിച്ചില്ലെന്നു ഡല്‍ഹിപോലീസ് പറഞ്ഞു.
സുനന്ദയുടെ മരണം സംബന്ധിച്ച് കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള നാലു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തെ എസ്ഐടി നിയോഗിച്ചത്. അതേസമയം, പുതിയ റിപ്പോര്‍ട്ടിലും മരണം സംബന്ധിച്ചു കൂടുതല്‍ വ്യക്തതവരാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണു ഡല്‍ഹി പോലീസിനു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നീക്കം. ഇതിനായി സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ക്ബെറി ഫോണില്‍നിന്നു നീക്കം ചെയ്യപ്പെട്ട ചാറ്റ് വിവരങ്ങള്‍ ലഭിക്കാനായി എസ്ഐടി ഒരിക്കല്‍കൂടി എഫ്ബിഐയുടെ സഹായം തേടും.
സുനന്ദ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പില്‍നിന്നുള്ള വിശദാംശങ്ങളും എസ്ഐടി കാത്തിരിക്കുകയാണ്. അഹമ്മദാബാദിലെ ലാബിലാണു ലാപ്ടോപ് പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ അടുപ്പത്തെച്ചൊല്ലി മരണത്തിന്റെ അവസാനദിവസങ്ങളില്‍ ദന്പതികള്‍ക്കിടയില്‍ കടുത്ത വഴക്കുണ്ടായിരുന്നതായി എസ്ഐടിക്കു മൊഴിലഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുള്പ്പെടെയുള്ളവര് ഇതിനു സാക്ഷിയുമാണ്. ഈ സാഹചര്യത്തിലാണു സുനന്ദയുടെയും തരൂരിന്റെയും പഴയ ചാറ്റുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. വിഷം ഉള്ളില്‍ചെന്നതാണ് മരണകാരണമെന്നു കണ്ടെത്തിയതോടെയാണു സുനന്ദയുടെ ആന്തരികാവയവങ്ങള്‍ എഫ്ബിഐക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പാക്കാന്‍ ഡല്‍ഹി പോലീസ് ആലോചന നടത്തിവരുന്നതിനിടെ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ ഫലം എസ്ഐടിക്കു കൂടുതല്‍ തിരിച്ചടിയാണ്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പോലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ശശി തരൂരിനെയും സുനന്ദയുടെ മകന് ശിവ് മേനോനെയും ഉള്‍പ്പെടെ നിരവധി പേരെ ചോദ്യംചെയ്തിട്ടുണ്ട്.