ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ എംപിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി പോലീസ്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്ന ആവശ്യമാണ് ഡൽഹി പോലീസ് കോടതിയിൽ ഉന്നയിച്ചത്.
സെക്ഷൻ 498-എ, 306 അല്ലെങ്കിൽ 302 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം തരൂരിനെതിരെ ചുമത്തണമെന്ന് അന്വേഷണ സംഘം പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിനോട് അപേക്ഷിച്ചു.
കാറ്റി എന്ന പെണ്‍കുട്ടിയുടെ പേരിലും ചില സന്ദേശങ്ങളുടെ പേരിലും തരൂരും ഭാര്യയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന് ദൃസാക്ഷിയുടെ മൊഴിയിൽ പറയുന്നുവെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
തരൂരും സുനന്ദയുമായി വഴക്കുണ്ടായിരുന്നുവെന്നും മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് സുനന്ദയുടെ ശരീരത്തിൽ വിവിധ മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് കോടതിയിൽ വാദിച്ചു.
കേസ് ഒക്ടോബർ 17ലേക്ക് മാറ്റി. 2014ൽ ആണ് സുനന്ദയെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.