ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് ശശി തരൂരുമായുള്ള ദാമ്പത്യബന്ധത്തിൽ സുനന്ദ പുഷ്ക്കർ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഡൽഹി പോലീസ്. ചൊവ്വാഴ്ച ഡൽഹി കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. തരൂർ സുനന്ദയെ മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേസിൽ പ്രതിചേർത്ത തരൂർ നിലവിൽ ജാമ്യത്തിലാണ്. തൂരിനെതിരെ 498-A, 306 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സുനന്ദയുടെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച് ജഡ്ജി അജയ് കുമാർ കുഹാർ മുൻപാകെ അറിയിച്ചു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമാണ് തരൂര്‍- സുനന്ദ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴിവച്ചതെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു.
ഇതിനു തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗ് നല്കിയ മൊഴിയും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. സുനന്ദ പുഷ്കര്‍ നളിനി സിംഗുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളും നല്കി.
കരഞ്ഞുകൊണ്ടാണ് സുനന്ദ തന്നെ വിളിച്ചതെന്നും ശശി തരൂരും മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും നളിനി വ്യക്തമാക്കുന്നു. എന്നാല്‍ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, തരൂരിനോടും തരാറിനോടും പകരം ചോദിക്കണമെന്നായിരുന്നു അവളുടെ ആവശ്യം. തരൂരും മെഹര്‍ തരാരും തമ്മില്‍ കൈമാറിയ ചില സന്ദേശങ്ങളും സുനന്ദയ്ക്ക് ലഭിച്ചിരുന്നതായും നളിനി സിംഗിന്റെ മൊഴിയിൽ പറയുന്നു.
നളിനി സിംഗിന്റെ മൊഴിക്കൊപ്പം ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏറെ പ്രിയപ്പെട്ടവളെന്ന് തരൂര്‍ അഭിസംബോധന ചെയ്തതും പ്രോസിക്യൂഷന് പ്രത്യേകം ചൂണ്ടിക്കാണിച്ചു.