കൊല്ലം : 14 വരെ താപനില ഉയര്‍ന്ന് നില്‍ക്കാനുള്ള സാഹചര്യം നിലനില്‍ക്കെ എല്ലാവരും അതീവ ജാഗ്രത പുലര്‍ണമെന്ന് മുന്നറിയിപ്പ്. രാവിലെ 11മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെ നേരിട്ട് വെയില് ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് കാര്ത്തികേയന് അറിയിച്ചു.
13 വരെ കൊല്ലത്ത് ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ കുടിവെള്ളം കൈയില്‍ കരുതണം – പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍. രോഗബാധിതര്‍ സൂര്യപ്രകാശം എല്ക്കാതെ നോക്കണം.
പരമാവധി ശുദ്ധജലം ഉപയോഗിക്കുന്നതിനൊപ്പം മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാം. തീവ്രമായ ചൂടേല്ക്കാത്ത സമയക്രമീകരണത്തിലാകണം അവധിക്കാല വിനോദയാത്രകള്‍. പകല്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ വെയിലത്ത് കളിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുത്. കളിസ്ഥലങ്ങളില്‍ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തണം.
ആംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഒരുക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം തൊഴില്‍ദാതാക്കള്‍ കൃത്യമായി നടപ്പിലാക്കണം. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഇരുചക്ര വാഹനങ്ങളില്‍ ഉച്ച സമയത്തു വിതരണം നടത്തുന്നവരുടെ സുരക്ഷ അതത് സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും തീവ്രമായി വെയിലേല്‍ക്കുന്നത് തടയാന്‍ കുട ഉപയോഗിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.