കോട്ടയം: കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. 37.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് തൊട്ടുപിന്നിൽ. ഇവിടെ 37.2 ഡിഗ്രിയാണ് ചുട്.
അഹമ്മദ്നഗർ (മഹാരാഷ്ട്ര) 37.2, ഭദ്രാചലം (തെലങ്കാന) 36.8, കർണൂർ (ആന്ധ്രപ്രദേശ്) 36.6, പുനലൂർ: 36.5, അകോല(മഹാരാഷ്ട്ര) 36.5, മാലേഗാവ് (മഹാരാഷ്ട്ര) 36.4, സോലാപുർ (മഹാരാഷ്്ട്ര) 36.4, നദീഗാം(ആന്ധ്രപ്രദേശ്)36.4 എന്നിങ്ങനെയാണ് മറ്റു ചൂടൻ നഗരങ്ങൾ.
കോട്ടയത്തിനു പിന്നലെ കൊല്ലം ജില്ലയിലെ പുനലൂരും ചൂടിൽ കോട്ടയത്തിനു പിന്നിലുണ്ട്. 36.5 ഡിഗ്രിയാണ് മുന്പ് ചൂടിൽ കേരളത്തിൽ മുന്നിൽ നിന്നിരുന്ന പുനലൂരിലെ ചൂട്.
രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് കോട്ടയത്ത്. സൂരാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നുണ്ട്. വരും ദിവസങ്ങിൽ കൂടുതൽ ചുട്ടുപൊള്ളുമെന്നുമാണ് പ്രവചനം.
കുടിവെള്ള ക്ഷാമത്തിലേക്ക്
പൊരിവെയിലിൽ പൊള്ളുകയാണു കോട്ടയം. പകൽ പുറത്തിറങ്ങാൻ കഴിയാത്തവിധം അസഹനീയമായിരുന്നു ഇന്നലെയും പകൽചൂട്. കിഴക്കൻ മേഖല ഉൾപ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ രണ്ടാഴ്ച മുന്പ് ശക്തമായ വേനൽ മഴ ലഭിച്ചതിനു പിന്നാലെയാണ് ചൂട് വർധിച്ചിരിക്കുന്നത്.
വേനൽമഴ പെയ്തിട്ട് നിന്നതും പകൽ സമയത്തെ കാറ്റിന്റെ സാന്നിധ്യം കുറയുന്നതുമാണു ചൂടിനു കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ലഭ്യമായ കണക്കുകൾ പ്രകാരം ജില്ലയിൽ ഫെബ്രുവരി മാസം രേഖപ്പെടുത്തിയിട്ടുള്ള ഉയർന്ന താപനില 37.5 ഡിഗ്രിയാണ്. 1999, 2018 വർഷങ്ങളിൽ ഓരോ ദിവസമാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇത്തവണ റിക്കാർഡ് മറികടക്കുമോയെന്ന ആശങ്കയുമുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ, ചങ്ങനാശേരി താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു.
കോട്ടയം താലൂക്കിന്റെ പലഭാഗങ്ങളിലും ഡിസംബർ പകുതിയ്ക്കുശേഷം മഴ ലഭിച്ചിട്ടേയില്ല.മീനച്ചിലാറിൽ ചെറുതും വലുതുമായ മുപ്പതിൽപ്പരം കുടിവെള്ള പദ്ധതികളുണ്ട്. കനത്ത ചൂടിൽ ഓരോ ദിവസവും ജലാശയത്തിലെ വെള്ളം കുറഞ്ഞുവരുകയാണ്.
ക്രമാനുഗതമായി വെള്ളം താഴുന്നത് ജലസേചന വകുപ്പ് ആശങ്കയോടെയാണു കാണുന്നത്. താഴത്തങ്ങാടി, വെള്ളൂപ്പറന്പ്, പേരൂർ, പൂവത്തുംമൂട്, കിടങ്ങൂർ കാവാലി, ടാപ്പുഴ, പാലാ, പരിപ്പിൽകടവ്, ഈരാറ്റുപേട്ട തേവരുപാറ, പൂഞ്ഞാർ തെക്കേക്കര തുടങ്ങിയ ജലസേചന പദ്ധതികളിലൂടെയാണ് ജില്ലയിലെ പകുതിയിലധികം പ്രദേശങ്ങളിലേക്കും ജലമെത്തുന്നത്.
ഇപ്പോൾ തടസമില്ലാതെ പന്പിംഗ് നടക്കുന്നുണ്ട്. വേനൽ കടുക്കുകയാണെങ്കിൽ ജലവിതരണം പ്രതിസന്ധിയിലാകുമെന്നാണ് അധികൃതർ പറയുന്നത്.
പേരൂർ പൂവത്തുംമൂട് പന്പ് ഹൗസുകളിൽനിന്നും പ്രതിദിനം 24മില്യണ് ലിറ്റർ ജലമാണു മെഡിക്കൽ കോളജിലെ ടാങ്കിലെത്തുന്നത്.
മീനച്ചിലാറ്റിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴേ വെള്ളത്തിനു ഉപ്പുരസം വന്നു തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കുകയും തോട്ടപ്പള്ളി സ്പിൽവേയിൽ ഉൾപ്പെടെ കടൽ തുറന്നു കിടക്കുന്നതിനാൽ ഉപ്പുവെള്ളം കായൽ വഴി മീനച്ചിലാറ്റിലെത്തുന്നുണ്ട്.
ഇതു തടഞ്ഞില്ലെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഉപ്പുവെള്ളം മീനച്ചിലാറ്റിലെത്തും.കിഴക്കൻ മലയോരത്ത് കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷമായി. ടാങ്കറുകളിലും ലോറികളിലും വെള്ളം അടിയ്ക്കുവാൻ തുടങ്ങി.
രണ്ടാഴ്ച മുന്പ് മഴ പെയ്തെങ്കിലും തുടർന്നുള്ള ചൂടു മൂലം പ്രദേശത്തെ തോടുകളിലെയും ആറ്റിലെയും വെള്ളം വീണ്ടും ഇടമുറിഞ്ഞു. ഇതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മണിമല, മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി പദ്ധതികളാണ് ഇവിടെയുള്ളത്.
മണിമലയാറ്റിലെ പ്രളയത്തിൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നതിനാൽ ചെക്ക് ഡാമുകൾ നിറയെ കല്ലും മണ്ണും ചെളിയുമാണ്. ഇതു നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേനൽമഴ വീണ്ടുമെത്തും
ഈയാഴ്ച ജില്ലയിൽ ശക്തമായ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കോട്ടയം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ഇന്നലെ വരെ മഴ പ്രവചനമുണ്ടായിരുന്നു.
ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയുമായി കോട്ടയത്തും ജില്ലയുടെ പല പ്രദേശങ്ങളിലും ചെറിയ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും ചിലയിടങ്ങളിൽ മഴ ലഭിച്ചു.
വരും ദിവസങ്ങളിൽ വ്യാപകമായി വേനൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. ജനുവരി ഒന്നു മുതലുള്ള കാലയളവിൽ ജില്ലയിൽ മഴക്കുറവ് 49 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയം, 34.3 ശതമാനം അധിക മഴ പെയ്തിരുന്നു.