കോട്ടയം: സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമം. ലേബർ കമ്മീഷണറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിർമാണ സ്ഥലങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും അവശ്യമരുന്നുകൾ, ഒആർഎസ്, വിശ്രമ സൗകര്യം എന്നിവയും ഉറപ്പാക്കണം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയ ദൈർഘ്യം പരമാവധി ചുരുക്കുകയോ ചെയ്യണമെന്ന സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശം പാലിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.
സ്കൂളിലെ പിഇടി പീരിയഡുകൾ നിയന്ത്രിക്കുകയും വിദ്യാർഥികളെ തുറസായ മൈതാനങ്ങളിൽ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം. സ്കൂളിലെ കായിക-കലാ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. വിദ്യാർഥികൾക്കും അധ്യാപകർക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒആർഎസും അവശ്യ മരുന്നുകളും ലഭ്യമാക്കുകയും വേണം.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശങ്ങളനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ഉറപ്പാക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.