പനാജി: ഗോവയിൽ നടക്കുന്ന ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലായ സൺബേൺ ഫെസ്റ്റിവലിൽ ശിവനെ അധിക്ഷേപിച്ചെന്ന പരാതിയുമായി കോൺഗ്രസും ആംആദ്മി പാർട്ടിയും രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നൃത്ത സംഗീതോത്സവമാണ് സൺബേൺ ഫെസ്റ്റിവൽ.
കോൺഗ്രസ് നേതാവ് വിജയ് ഭികെ സൺബേൺ ഫെസ്റ്റിവൽ സംഘാടകർക്കെതിരെ പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തകയായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്നും, ആളുകൾ മദ്യപിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലത്താണ് ശിവന്റെ ചിത്രം പ്രദർശിപ്പിച്ചതെന്ന് ഭികെ പറഞ്ഞു.
നോർത്ത് ഗോവയിലെ വാഗറ്റോറിൽ ഈ മാസം 28നാണ് ഫെസ്റ്റിവൽ തുടങ്ങിയത്. ശനിയാഴ്ചയാണ് സൺബേൺ അവസാനിച്ചത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി ഗോവ അധ്യക്ഷൻ അമിത് പലേക്കറും രംഗത്തെത്തി. ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആംആദ്മി നേതാവ് പലേക്കർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. സംഘാടകർക്കെതിരെ സർക്കാർ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.