അനധികൃതമായി കുടിയേറ്റക്കാരായി എത്തുന്നവരുടെയെണ്ണം ദിനംപ്രതി ഇംഗ്ലണ്ടില്‍ പെരുകുന്നതിൽ കടുത്ത ആശങ്ക.
അഭയാര്‍ഥികളുടെ എണ്ണത്തില്‍ റിക്കാർഡിട്ട് ഇംഗ്ലണ്ട്. ലോകം മൊത്തം മാന്ദ്യത്തിലായതോടെ.
അനധികൃതമായി ഇംഗ്ലണ്ടിലേക്ക് എത്തുന്നവരുടെ എണ്ണം ദിനം പ്രതി പെരുകുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടില്‍ എത്തിച്ചത് 430 പേരെയാണ്.
ആ ദൃശ്യങ്ങള്‍
കെന്റ് ബീച്ചില്‍ സൂര്യസ്നാനത്തിനും വിനോദ സഞ്ചാരത്തിനുമായി എത്തിയ സ്വദേശികളും വിദേശികളും ഈ കാഴ്ച കണ്ടു ഞെട്ടി. അവരില്‍ ചിലര്‍ ഇതു കാമറയില്‍ പകര്‍ത്തി.
ബോട്ട് ഓള്ഡ്സ്റ്റെയര് തീരത്ത് അടുത്തതും ആളുകള്‍ അതില്‍നിന്ന് ഇറങ്ങി നാലുപാടും ഓടി രക്ഷപ്പെടുന്നതു ദൃശ്യങ്ങളില്‍ കാണാം.
കടലിലൂടെയുള്ള യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥയാണെന്നതും അഭയാര്‍ഥികള്‍ എത്തുന്നതിനു കാരണമാകുന്നുണ്ട്.
തീരത്ത് അടുക്കുമ്പോള്‍ ബോട്ടിലുള്ളവര്ക്കു ലോട്ടറി അടിച്ച സന്തോഷമാണ്. അവര്‍ ബോട്ടില്‍ നിന്നും ഇറങ്ങി നഗരത്തിലേക്കും കുന്നിന്‍മുകളിലേക്കും ഫുട്പാത്തിലേക്കുമൊക്കെ ഓടി.
അവിശ്വസനീയം തന്നെ
ഇതിനു ദൃസാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു. ഇത് അവിശ്വസനീയം. ഇതുപോലെ ഒന്നു ഞാന്‍ ആദ്യമായി കാണുകയാണ്.
പോലീസുകാര്‍ വിവരമറിഞ്ഞു സംഭവ സ്ഥലത്ത് എത്തുന്നതിനു മുമ്പെ, വന്നിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും ഓടി മറഞ്ഞിരുന്നു.
ബ്രിട്ടീഷുകാരെന്നു തോന്നിപ്പിക്കുന്ന രണ്ടുപേര്‍ ബാഗുകളും കോഫീ ഫ്ളാസ്കുകളുമായി എത്തി ലൈഫ് ജാക്കറ്റുകള്‍ ശേഖരിക്കുന്നുണ്ടായിരുന്നുവെന്നും ആ സ്ത്രീ പറഞ്ഞു.
റിക്കാർഡിട്ട ദിവസം
ഡോവർ മരീന ബീച്ചിൽ ഉച്ചയ്ക്കു 12ന് എത്തിയത് ഏകദേശം അഞ്ച് ബോട്ടുകളായിരുന്നു. അതിൽആദ്യമെത്തിയ ബോട്ടിൽ മൂന്നു ചെറിയ പെൺകുട്ടികളുണ്ടായിരുന്നു.
അവരിൽ രണ്ടുപേർ അവരുടെ അച്ഛൻമാരാണെന്നു തോന്നിക്കുന്ന രണ്ടുപേരുടെ കാൽമുട്ടുകളിലായിരുന്നു ഇരുന്നിരുന്നത്.
26 ബോട്ടുകളിലായി 393 അഭയാര്‍ഥികള്‍ എത്തിയ 2020 സെപ്റ്റംബര്‍ 22 ആയിരുന്നു ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയ ദിവസമായി രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, ആ കണക്കാണ് കഴിഞ്ഞ ദിവസത്തെ 430 പേരുടെ വരവോടെ മാറിയത്. 2020ല്‍ ആകെ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 8410 ആയിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതുവരെ 8159 പേര് എത്തിക്കഴിഞ്ഞു.