ചങ്ങരംകുളം: കാളാച്ചാലിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല (28)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
മരിക്കുന്നതിനു മുന്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനു മൊബൈലിൽ വിളിച്ച് യുവാവ് ശല്യപ്പെടുത്തുന്നതായി വിവരം പറഞ്ഞിരുന്നു.
പിന്നീട് മൊബൈലിൽ വിളിച്ചു കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുന്പു തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്.
മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി തന്നെ മണിക്കൂറുകൾക്കു മുന്പു സഹോദരനെ മൊബൈലിൽ വിളിച്ചു അറിയിച്ചിരുന്നു.
യുവതി മരിച്ച ദിവസം ഈ യുവാവ് രണ്ടു തവണ യുവതിയെ കാണാൻ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നുവെന്നാണ് വിവരം.
യുവാവിനെ ചോദ്യം ചെയ്താൽ യുവതിയുടെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
യുവതി ആത്മഹത്യ ചെയ്ത ദിവസം യുവതിയെ കാണാനെത്തിയെന്നു സംശയിക്കുന്ന യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
രണ്ടു കുട്ടികളുടെ മാതാവായ ഷഫീലയുടെ ഭർത്താവ് വിദേശത്തായിരുന്നു. മരണ വിവരം അറിഞ്ഞു ഭർത്താവ് റഷീദ് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തി.
സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സഹോദരിയുടെ മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്തണമെന്നും കാണിച്ച് ഷഫീലയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കിയത്.
ഷഫീലയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
മൃതദേഹം ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ കാളാച്ചാൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.