ആലപ്പുഴ: ചൂട് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
ഒആർഎസ്, ലെസി, ബട്ടർ മിൽക്ക്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തേക്ക് ഇറങ്ങുന്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്രവാഹനങ്ങളിൽ ഓണ്ലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയിൽ പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക.
നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഒൗദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.