ചെറുതോണി: സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്തു ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോപ്രാംകുടിക്കു സമീപം പ്രകാശിൽ കോഴിക്കടയുൾപ്പെടെ നടത്തുന്ന തൃശൂർ മണ്ണുത്തി സ്വദേശി കാഞ്ഞിരത്തുങ്കൽ വിനീതി (32)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസം മുൻപ് ഇയാൾ കടയടച്ചിട്ടിട്ട് നാട്ടിൽ പോയി. തിരികെ വന്നപ്പോൾ കടയിലെ സാധനങ്ങളും കോഴിയുമെല്ലാം നഷ്ടപ്പെട്ടിരുന്നു.
സംശയമുള്ള രണ്ടു സുഹൃത്തുക്കളെ പ്രതികളാക്കി മുരിക്കാശേരി പോലീസിൽ കേസ് കൊടുത്തു.
ഇരുകൂട്ടരേയും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. കുടുതൽ അന്വേഷണം നടത്തുന്നതിനുവേണ്ടി ഇരുകൂട്ടരേയും പറഞ്ഞുവിട്ടു.
നിരാശനായ യുവാവ് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് സുഹൃത്തുകൾക്ക് വീഡിയോ അയച്ചു.
സുഹൃത്തുക്കൾ ഇതു മുരിക്കാശേരി പോലീസിനയച്ചുകൊടുത്തു. പോലീസ് അന്വേഷിച്ചെത്തുമ്പോൾ യുവാവ് അവശനിലയിലായിരുന്നു.
ഉടൻതന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് ഇടുക്കി മെഡിക്കൽ കോളജാശുപതിയിലെത്തിച്ചു. അവിടെനിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.