പത്തനംതിട്ട: കയറി കിടക്കാന്‍ ഒരു കൊച്ചുകൂരയ്ക്കുവേണ്ടി എത്തുന്ന അശരണരുടെ അത്താണിയായ ഡോ. എം.എസ്. സുനില്‍ ഇന്ന് കൈമാറുന്നത് 200 -ാമത്തെ ഭവനം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ അധ്യാപികയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായിരുന്ന ഡോ. സുനില്‍ തന്റെ ഒരു വിദ്യാര്ഥിനിയ്ക്കുവേണ്ടി ആദ്യ ഭവനം പണിതത്.
2005ല്‍ ആ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോള്‍ സുനില്‍ ടീച്ചര്‍ ഏറ്റെടുത്തത് വലിയ ഒരു ദൗത്യമായിരുന്നു.
ഇന്ന് ആലപ്പുഴ ജില്ലയിലെ കാവാലം കണ്ണാടി തട്ടാശേരിയില്‍ രുഗ്മിണി, ജാനകി എന്നീ വിധവമാരും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിനായി 200 -ാമത്തെ സ്നേഹഭവനം ഇന്ന് കൈമാറുമ്പോള്‍ ടീച്ചറിന് ഏറെ സന്തോഷം.
പത്തനംതിട്ട ജില്ലയില്‍ മാത്രം ആദ്യകാലത്ത് ഒതുങ്ങിനിന്നിരുന്ന ഈ സ്നേഹപ്രവര്‍ത്തനം പിന്നീട് സമീപ ജില്ലകളിലേക്കും കൂടി വ്യാപിപ്പിച്ചു.
നാല് ജില്ലകളിലായി ഭവനരഹിതരായ 199 കുടുംബങ്ങളാണ് സുനില്‍ ടീച്ചര്‍ ഒരുക്കിയ സ്നേഹഭവനങ്ങളില്‍ കഴിയുന്നത്. 200 -ാമത്തെ വീടിന്റെ താക്കോല്‍ദാനം ഇന്ന് കാവാലത്ത് കേന്ദ്രമന്ത്രി വി. മുരളീധരനാണ് നിര്‍വഹിക്കുന്നത്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹകരണത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇവരുടെ സഹകരണം ലഭിക്കുന്ന നാലാമത്തെ വീടാണിത്. ഇതിനോടകം നാല് വീടുകള്‍ ഡോ. എം. എസ്. സുനിലും നേരിട്ട് നിര്‍മിച്ചു നല്കി.
കേന്ദ്രസര്‍ക്കാര്‍ നല്കിയ നാരിശക്തി പുരസ്കാരത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് ഇതില്‍ ഒരു വീട് നിര്‍മിച്ചത്. മകന് പ്രിന്‍സിനു ലഭിച്ച ആദ്യ വരുമാനത്തില്‍ നിന്നുള്ള തുക ഉപയോഗിച്ച് മറ്റൊരു വീടും നല്കി.
സഹോദരിമാരുടെ സഹായത്തിലും വീടുകള്‍ നല്കി. പിന്നീടുള്ള ഭവനങ്ങള്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തിലാണ് നിര്‍മിച്ചത്.
ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍, കാന്‍സര്‍ രോഗികള്‍, എച്ച്ഐവി ബാധിതര്‍… ഇങ്ങനെയുള്ളവരാണ് ഡോ. സുനിലിന്റെ പട്ടികയിലെ ആദ്യപേരുകാര്‍.
അര്ഹതയുള്ളവരാണോയെന്ന് പലതലങ്ങളില്‍ പരിശോധിക്കും. ആണെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ സുനില്‍ ടീച്ചര്‍ സഹായം ചെയ്തിരിക്കും.
ആദ്യവീട് നിര്‍മിച്ചത് 1.17 ലക്ഷം രൂപ കൊണ്ടാണ്. ചെലവു കുറഞ്ഞ രീതിയിലാണ് ഇപ്പോഴും സുനില്‍ ടീച്ചര്‍ വീട് നിര്മിക്കുകയെങ്കിലും 3.5 ലക്ഷം രൂപയെങ്കിലും വേണം ഒരെണ്ണം പൂര്‍ത്തീകരിക്കാന്‍.
പത്തനംതിട്ട അഴൂര്‍ കൃപയില്‍ ഡോ.എം.എസ്. സുനില്‍ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപികയായി ചേരുന്നത് 1995 ലാണ്.
2016 ല്‍ കോളജില്‍നിന്ന് വിരമിച്ചു. അപ്പോഴേക്കും 48 വീടുകള്‍ കൈമാറിയിരുന്നു. സര്‍വീസില്‍ നിന്നു വിരമിച്ചതോടെ പൂര്‍ണസമയ സാമൂഹിക പ്രവര്‍ത്തകയായി.
ഭവനനിര്‍മാണം മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസ സഹായം, അശരണരായ കുട്ടികള്‍ക്ക് സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സുനില്‍ ടീച്ചറുടെ കരുതല്‍ എത്തുന്നുണ്ട്.
കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ നിര്‍ധനരായ അമ്പതോളം കുടുംബങ്ങള്‍ക്ക് എല്ലാമാസവും ഭക്ഷ്യധാന്യ കിറ്റ് എത്തിക്കല്‍, ആദിവാസി മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനം തുടങ്ങി ടീച്ചറുടെ സേവന മേഖലകള്‍ക്ക് പരിധിയില്ല.
മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട 23 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് കൈമാറി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം സുനില്‍ ടീച്ചര്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു.
സ്ത്രീകളുടെ നേട്ടങ്ങള്‍ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരം 2018 ലെ വനിതാ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് ഡോ. സുനില്‍ ഏറ്റുവാങ്ങി.
എത്രപേര്‍ക്ക് വീട് നല്‍കുമെന്ന ചോദ്യത്തിന് ആയുസും ആരോഗ്യവുമുള്ള കാലത്തോളം ഈ ദൗത്യം തുടരുമെന്നാണ് മറുപടി. പേരിലെ കൗതുകവും ഡോ.സുനിലിനെ വ്യത്യസ്തയാക്കുന്നു.
മാതാപിതാക്കളായ എം.എം. സാമുവേലും എം.ജെ. ശോശാമ്മയും അറിഞ്ഞുകൊണ്ടു നല്കിയ പേരാണിതെന്ന് ടീച്ചര്‍ പറയുന്നു.. ആണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന അപ്പന് പെണ്‍കുട്ടി ജനിച്ചപ്പോള്‍ നല്‍കിയത് ആണിന്റെ പേര്. വ്യത്യസ്തമായ പേരായതിനാല്‍ ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ പിന്നീട് ടീച്ചറെ മറക്കാറില്ല.