കാസര്‍ഗോഡ്: മത്സരരംഗത്തുനിന്നു പിന്മാറുന്നതിന് രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപി തന്നെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ അപരനായിരുന്ന കെ. സുന്ദര.
പണം തന്നില്ലെന്ന് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാൻ ആവശ്യപ്പെട്ടതായും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര പറഞ്ഞു. പക്ഷേ വാങ്ങിയ പണം തിരികെ കൊടുക്കാനില്ല, കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ല. പോലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബിഎസ്പി നേതാവായ സുന്ദര സ്വകാര്യ ചാനലിനോട് പറഞ്ഞു.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വീട്ടിലെത്തിച്ചു തന്നതായുമാണ് കഴിഞ്ഞ ദിവസം സുന്ദര വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.
2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ സ്ഥാനാര്‍ഥിയാണു കെ. സുന്ദര.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുന്ദര 467 വോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ കേവലം 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിനോടു പരാജയപ്പെട്ടത്.
ഇത്തവണ സുന്ദര ബിഎസ്പി ടിക്കറ്റിലാണ് മത്സരരംഗത്തിറങ്ങിയത്. അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ അക്ഷരമാലക്രമം വച്ചുനോക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ സുരേന്ദ്രന്റെ പേരിനു മുകളില്‍ സുന്ദരയുടെ പേര് സ്ഥാനംപിടിക്കുന്ന നിലയായിരുന്നു.
ഇതോടെ എന്തുവില കൊടുത്തും സുന്ദരയെ പിന്മാറ്റാന് ബിജെപി നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു.
പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തിന് തൊട്ടുമുമ്പ് ഫോണ്‍ ഓഫ് ചെയ്ത് അപ്രത്യക്ഷനായ സുന്ദര മാര്‍ച്ച് 22ന് ബിജെപി നേതാക്കള്‍ക്കൊപ്പം വരണാധികാരിയുടെ ഓഫീസിലെത്തി പത്രിക പിന്‍വലിക്കുകയായിരുന്നു.
സുന്ദരയുടെ പെട്ടെന്നുള്ള ചുവടുമാറ്റത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന സൂചന അന്നുതന്നെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.