തൃശൂർ: വിദ്യാഭ്യാസ വകുപ്പിന്റെ ഐടി അറ്റ് സ്കൂൾ വിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പരിശീലന പരിപാടി വീണ്ടും ഞായറാഴ്ച നടത്തുന്നു. സ്കൂളുകളിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായുള്ള ഉപജില്ലാ പരിശീലന ക്യാന്പാണ് ഇന്നും നാളെയുമായി സ്കൂളുകളിൽ നടത്തുന്നത്.
കഴിഞ്ഞ അധ്യയനവർഷവും ഐടി അറ്റ് സ്കൂളിന്റെ ഞായറാഴ്ച പരിപാടി വിവാദമായിരുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളിൽ ആരാധനകളിലും മതബോധന ക്ലാസുകളിലും പങ്കെടുക്കേണ്ടത് ഇല്ലാതാക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം നീക്കം. നേരത്തെ ഇത്തരത്തിൽ ഞായറാഴ്ചകളിൽ പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം ശക്തമായ എതിർപ്പിനെതുടർന്ന് മാറ്റിവച്ചിരുന്നു.
എന്നാൽ, ഇത്തവണയും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഞായറാഴ്ചയിൽതന്നെ പരിശീലന പരിപാടി വച്ചിരിക്കുകയാണ്. നാളെ തൃശൂർ ഉൾപ്പെടെ പല രൂപതകളിലും മതബോധന അർധവാർഷിക പരീക്ഷകളും നടത്തുന്നുണ്ട്.
കുട്ടികൾ ക്യാന്പിൽ പങ്കെടുക്കാൻ പോയാൽ മതബോധന പരീക്ഷ എഴുതാൻ പറ്റാതാകും. ഞായറാഴ്ചകളിൽ ഇത്തരം പരിശീലന ക്യാന്പ് നടത്തുന്നതു പ്രതിഷേധാർഹമാണെന്നു ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ പറഞ്ഞു.