തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് അടുത്ത ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.
അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായറാഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം.
വാക്സിനേഷനുവേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക.
എന്നുവരെയാണ് ഞായറാഴ്ച നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമേ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ.
എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചു.
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു.
ഇത് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ വ്യാപനം വർധിച്ചുനിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്.
ആശുപത്രികളിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുന്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും യോഗം വിലയിരുത്തി.