റെജി ജോസഫ്
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയെ അടുത്തു കാണാനും പുണ്യവതിയുടെ സംസ്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചതിന്റെ ധന്യതയിലാണ് ഭരണങ്ങാനം ക്ലാരമഠാംഗം സിസ്റ്റർ ഇലക്റ്റ മേരി ഓലിക്കലിന്റെ ജീവിതം.
നന്നേ ചെറുപ്പത്തിൽ ഭരണങ്ങാനം മഠം സന്ദർശിക്കുന്പോഴും പിന്നീട് ഇവിടെ സ്കൂളിൽ പഠിക്കുന്പോഴും രോഗിണിയായ അൽഫോൻസാമ്മയെ കണ്ടിട്ടുണ്ട്. ആദ്യകുർബാന സ്വീകരണത്തിനു ശേഷം ബന്ധുവിനൊപ്പം മഠത്തിൽ വന്നവേളയിൽ ഇലക്റ്റ മേരി അൽഫോൻസാമ്മയെ അടുത്തു കണ്ടു. മുറിയിലും മുറ്റത്തും നടക്കുന്നതും വരാന്തയിലൂടെ പുണ്യവതി മഠംചാപ്പലിലേക്കു നടന്നുപോകുന്നതും ഓർമയിലുണ്ട്.
ഭരണങ്ങാനം സ്കൂളിൽ ഇലക്റ്റ് വിദ്യാർഥിനിയായിരിക്കുന്പോഴാണ് 1946 ജൂലൈ 28ന് അൽഫോൻസാമ്മയുടെ മരണം. അന്നൊരു ഞായറാഴ്ചയായിരുന്നു. സണ്ഡേ സ്കൂൾ ക്ലാസിനിടെ അൽഫോൻസാമ്മയുടെ നില ഗുരുതരമാണെന്നറിഞ്ഞു കന്യാസ്ത്രീകൾ മഠത്തിലേക്ക് ഓടിപ്പോകുന്നതും ഉച്ചയോടെ മരണം സംഭവിച്ചതായി അറിഞ്ഞതും ഓർമയിലുണ്ട്.
പിറ്റേന്നു തിങ്കളാഴ്ച സ്കൂൾ കുട്ടികൾക്കൊപ്പം മഠം കപ്പേളയിലെത്തി സ്കൂൾ കുട്ടികൾക്കൊപ്പം അൽഫോൻസാമ്മയുടെ ഭൗതിക ശരീരം കണ്ടു. ചാപ്പലിന്റെ മധ്യഭാഗത്തായിരുന്നു അൽഫോൻസാമ്മയുടെ മൃതശരീരം പെട്ടിയിൽ കിടത്തിയിരുന്നത്. രാവിലെ പത്തോടെ മഠത്തിലെ ശുശ്രൂഷയ്ക്കു ശേഷം മൃതശരീരം വഹിച്ചു കന്യാസ്ത്രീകളും പിന്നാലെ കുട്ടികളും മഠത്തിലെ അന്തേവാസികളും സെന്റ് മേരീസ് ഫൊറാന പള്ളിയിലേക്കു നടന്നുനീങ്ങി.
വികാരി ഫാ. കുരുവിള പ്ലാത്തോട്ടം, ഫാ. റോമുളൂസ് സിഎംഐ തുടങ്ങിയവരായിരുന്നു സംസ്കാരച്ചടങ്ങിലെ കാർമികർ. അൽഫോൻസാമ്മ ഒരു വിശുദ്ധയായിരുന്നുവെന്നും കർദിനാൾമാരും നേതാക്കൻമാരും ഒരിക്കൽ ഇവളുടെ കബറിടം വണങ്ങാൻ എത്തുമെന്നും ചരമപ്രസംഗത്തിൽ റോമൂളൂസച്ചൻ പറഞ്ഞത് സിസ്റ്റർ ഇലക്റ്റ ഓർമിക്കുന്നു. സ്കൂൾ പഠനത്തിനു ശേഷം ഭരണങ്ങാനം ക്ലാരമഠത്തിൽ ചേർന്നു സന്യാസം സ്വീകരിച്ച സിസ്റ്റർ ഇലക്റ്റ മേരി ദീർഘകാലം അധ്യാപികയായിരുന്നു.
പുണ്യവതി ജീവിച്ചുമരിച്ച മഠത്തിൽ ഏറെക്കാലം കഴിയാൻ ഭാഗ്യമുണ്ടായ സിസ്റ്റർ ഇലക്റ്റ പുണ്യവതിയുടെ ആത്മീയ സാന്നിധ്യം അറിഞ്ഞു വിശ്രമജീവിതം നയിക്കുന്നു.
കബറിടം തുറന്നപ്പോൾ സാക്ഷി
ഭരണങ്ങാനം സ്കൂളിൽ പഠിച്ചശേഷം ക്ലാരമഠത്തിൽ അംഗമായി 35 വർഷം അൽഫോൻസാമ്മയുടെ കബറിട ചാപ്പലിന്റെ ചുമതല വഹിക്കുകയും രണ്ടു തവണ കബറിടം തുറന്നതിനു സാക്ഷിയാകുകയും ചെയ്ത ഓർമകളാണ് സിസ്റ്റർ റോസ് ഫ്രാൻസിസ് വടക്കേലിനുള്ളത്. നാമകരണനടപടികളുടെ ഭാഗമായി 1957ലും 1985ലുമാണ് അൽഫോൻസാമ്മയുടെ കബറിടം തുറന്നത്.
1946 ജൂലൈ 29ന് സംസ്കരിച്ചശേഷം കബറിടം മൂടിയ സിമന്റ് സ്ലാബ് മാറ്റി 1957ൽ പാലാ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ കാർമികത്വത്തിൽ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തു. അൽഫോൻസാമ്മയുടെ അസ്ഥികൾ ഒട്ടുംതന്നെ ദ്രവിച്ചിരുന്നില്ല.
ശ്വാസകോശവും ഹൃദയവും ഉണങ്ങി ചുരുങ്ങിയ നിലയിലായിരുന്നു. പൂണ്യ ഹൃദയം മണ്ണോടു ചേർന്നില്ല എന്നത് ഏവരിലും അത്ഭുതമുണർത്തി. സംസ്കാരവേളയിൽ അണിയിച്ച കൈക്കുരിശിനും കഴുത്തിലുണ്ടായിരുന്ന കുരിശിനും കേടുണ്ടായിരുന്നില്ല. കൊന്തയ്ക്കും സ്റ്റീൽ മോതിരത്തിനും നിറം മങ്ങിയിരുന്നില്ല. ഉടുപ്പുകളും ബന്തിങ്ങയും നിറംമങ്ങി ദ്രവിച്ചുതുടങ്ങിയിരുന്നു. കൈയിലെ പൂച്ചെണ്ട് ദ്രവിക്കാതെ ഉണങ്ങിയ നിലയിലും.
തേക്കുഫ്രെയിം അകത്തു വച്ച സ്റ്റീൽപെട്ടിക്കുള്ളിൽ പുതിയ മുടിയും ഉടുപ്പും മറ്റും അണിയിച്ച് അസ്ഥികൾ സ്വാഭാവികരീതിയിൽ തന്നെ വച്ച് അന്നു വൈകുന്നേരം ഇതേ കബറിടത്തിൽ സംസ്കരിച്ചു. ഇവയുടെ ചിത്രങ്ങളെല്ലാം ഇന്നും മ്യൂസിയത്തിൽ കാണാം. പഴയ സ്ലാബിനു സൂക്ഷിപ്പിനായി എടുത്തശേഷം ഒരു മാർബിൾ സ്ലാബ് വച്ചാണ് കബറിടം അതിഭദ്രമായി അടച്ചത്. അൽഫോൻസാമ്മയുടെ സന്യാസ പരിശീലകയായിരുന്ന മദർ ഉർസുല ഉൾപ്പെടെ സഹപ്രവർത്തകരായ സിസ്റ്റേഴ്സും ഇതിനു സാക്ഷികളായിരുന്നു.
വാഴ്ത്തപ്പെട്ടവളായി അൽഫോൻസാമ്മയെ സഭ പ്രഖ്യാപിക്കുന്നതിനു മുൻപ് നാമകരണനടപടികളുടെ ഭാഗമായി 1985ൽ കബറിടം രണ്ടാം തവണ തുറന്നപ്പോൾ മാർ ജോസഫ് പള്ളിക്കാപറന്പിലായിരുന്നു മുഖ്യകാർമികൻ. മാർബിൾ സ്ലാബ് മാറ്റി കബറിടം തുറന്നപ്പോൾ ഈർപ്പം കയറി തേക്കുപലകകൾ അൽപം ദ്രവിച്ചുതുടങ്ങിയിരുന്നുവെങ്കിലും സ്റ്റീൽ പെട്ടിയ്ക്കുള്ളിൽ ഭൗതികാവശിഷ്ടങ്ങൾ ഏറെക്കുറെ പൂർണമായി ശേഷിച്ചിരുന്നു. ഈ സ്റ്റീൽ പെട്ടിയും സ്ലാബും മറ്റും മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
തിരുശേഷിപ്പിനായി റോമിലേക്കും നാമകരണകോടതിയിലേക്കും വേണ്ട അൽപം അസ്ഥികൾ എടുത്തശേഷം ഭൗതികാശിഷ്ടങ്ങൾ ഒരു മാസത്തോളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ എത്തിച്ച് അതിഭദ്രവും പൂജ്യവുമായി സൂക്ഷിച്ചു. ഈ ഒരുമാസത്തിനുള്ളിൽ അൽഫോൻസാമ്മയുടെ കബറിടം ആഴത്തിൽ അടിതൊട്ട് കെട്ടി ഉയർത്തി. പണി അതിവേഗത്തിൽ പൂർത്തിയാക്കി ഭൗതികാവശിഷ്ടങ്ങൾ രണ്ടു ഫൈബർ പെട്ടികളിലാക്കി കബറടക്കിയിരിക്കുന്നു.
കബറിടത്തിനു മുകളിലെ സ്ലാബ് ഉയർത്തി പ്രത്യേകം മാർബിൾ ഫലകം സ്ഥാപിച്ച് അതിൽ അൽഫോൻസാമ്മയെക്കുറിച്ചുള്ള വിവരങ്ങൾ എഴുതുകയും ചെയ്തു. 1986ൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ടതിനുശേഷം പ്രത്യേകം ഓഫീസും ക്രമീകരണങ്ങളും വന്നതോടെ ചാപ്പലിന്റെ മേൽനോട്ടത്തിൽനിന്ന് ഏറെ ഭാഗ്യസ്മരണകളുമായി സിസ്റ്റർ റോസ് ഫ്രാൻസിസ് വിരമിച്ചു.