നാദാപുരം(കോഴിക്കോട്): വിലങ്ങാട് ആലിമൂലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനുമായി നാടിന്റെ നാനാഭാഗത്തുനിന്നായി നൂറുകണക്കിനു പേരാണ് വിലങ്ങാട് സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിലെത്തിയത്.
വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കുറ്റിക്കാട്ട് ബെന്നി (55), മേരിക്കുട്ടി (53), അഖില്‍ ഫിലിപ്പ് (23) എന്നിവരും അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി (48) യുമാണ് മരിച്ചത്. തലശേരി അതിരൂപതയിലെ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ സഹോദരിയാണു മേരിക്കുട്ടി.
വടകരയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോൾ കനത്തമഴയെ അവഗണിച്ച് നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിക്കാനെത്തി. പാരിഷ് ഹാളിൽ നടന്ന പ്രാരംഭ ശുശ്രൂഷയ്ക്ക് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒന്നിന് സെന്റ്ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന സംസ്കാര ശുശ്രുഷയ്ക്കും അനുശോചന യോഗത്തിനും തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നേതൃത്വം നൽകി.
താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, ഇ.കെ. വിജയന് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി, സത്യന് മൊകേരി, കെ. പ്രവീണ്‍ കുമാര്‍, വി.എം. ചന്ദ്രന്, കെ.കെ. ലതിക, പി.പി. ചാത്തു, എന്‍.കെ. മൂസ, കെ.ടി.കെ. ചന്ദ്രന് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തലശേരി അതിരൂപതയിലേയും താമരശേരി രൂപതയിലേയും നിരവധി വൈദികരും സന്യസ്തരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
കണ്ണീരണിഞ്ഞു കവളപ്പാറ
എടക്കര: പോത്തുകല്ല് കവളപ്പാറ മുത്തപ്പൻക്കുന്നിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 59 പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ കൂരിമണ്ണിൽ മുഹമ്മദ് (40), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകൾ ഫിദ ഫാത്തിമ (എട്ട്), കവളപ്പാറ കോളനിയിലെ ഒടുക്കൻ (50), പൂതാനി അബ്ദുൾ കരീമിന്റെ മകൾ ആബിദ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച പാറ്റ മാതി (75), ചേലാടി ഗോപിയുടെ മകൻ ഗോകുൽ (12), വെട്ടുപറന്പിൽ ബിനോജിന്റെ മകൾ അനഘ (നാല്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
കവളപ്പാറ എസ്ടി കോളനിയിലെ 29 പേരും മറ്റു 34 പേരുമാണു ദുരന്തത്തിനിരയായത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. മേഖലയിൽ കനത്ത മഴയും മലവെള്ള പ്രവാഹവും തുടരുന്നതിനിടെയും നാടൊന്നാകെ രക്ഷാപ്രവർത്തനത്തിലാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി മുത്തപ്പൻകുന്ന് മലവാരം നെടുകെ പിളർന്നു ഇടിഞ്ഞിറങ്ങിയത്. ചാലിയാർ പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇവിടേക്കുള്ള ഏക യാത്രാമാർഗമായ പനങ്കയം പാലം വെള്ളത്തിനടിയിലായി. ഉച്ചയോടെയാണ് വെള്ളം ഇറങ്ങിയത്. പാലത്തിനു മുകളിൽ അടിഞ്ഞു കൂടിയ വൻമരങ്ങൾ നീക്കം ചെയ്താണ് പുറം ലോകത്തുനിന്നു രക്ഷാപ്രവർത്തകരെത്തിയത്. ഇത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
താണിക്കൽ രാഗിണി (52), അമ്മ മാധവി (75), മകൻ പ്രിയദർശൻ (25), പെരകൻ (50), ഭാര്യ ചീര (45), വെട്ടുപറന്പിൽ ജോജിയുടെ മകൾ അലീന (ഏഴ്), സൂത്രത്തിൽ വിജയൻ (60), ഭാര്യ വിശ്വേശരി (55), മകൻ വിഷ്ണു (28), മകൾ ജിഷ്ണ (20), ഇന്പിപ്പാലൻ (50), ഭാര്യ നീലി (45), മകൻ സുബ്രൻ (30), മകന്റെ ഭാര്യ ശാന്ത (28), മകൻ അജയൻ (14), എടപ്പാടി ശാന്ത (55), ശാന്തകുമാരി (55), മകൻ സുജിത്ത് (33), ആനക്കാരൻ പാലൻ (60), ഭാര്യ സുശീല (55), മക്കളായ കാർത്തിക് (25), അമൽ (20), കമൽ (15), സൂത്രത്തിൽ നാരായണൻ 50, ഭാര്യ കമല (46), മകൾ ഭവ്യ (22), നാവൂരിപറന്പിൽ സുകുമാരൻ (60), ഭാര്യ രാധാമണി (55), പള്ളത്ത് ശിവൻ (45), രാജി (37), ഇവരുടെ അമ്മ കാർത്ത്യായനി (55), പിതാവ് ശങ്കരൻ (75), മക്കൾ ശ്യാം (21), ശ്രീലക്ഷ്മി (15), നെടിയകാലായിൽ വിനോയ് (36), വാളലത്ത് കല്ല്യാണി (40), അമ്മ നീലി (65), വാളലത്ത് സന്തോഷ് (30), ശ്രീലക്ഷ്മി (16), സുനിത (17), വിജയലക്ഷ്മി (18), ചീരോളി ശ്രീധരൻ (58), ഭാര്യ അനിത (50), ചീരോളി പ്രകാശ് (50), ഭാര്യ രുഗ്മിണി (45), മകൾ അശ്വതി (17), നീലി (57), സുശീല (30), പൂന്താനി ആബിദ (17), മുതിരകുളം മുഹമ്മദ് (45), ഭാര്യ ഫൗസിയ (40), മകൾ ഫാത്തിമ (എട്ട്), പൂതാനി കരീമിന്റെ ഭാര്യ സക്കീന (50), കോളനിയിലെ ഒടുക്കൻ (50), മങ്ങാട്ടുതൊടിക അനീഷ് (38), ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (33), മകൾ പ്രജിത (13) എന്നിവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ കണ്ടെത്താനായില്ല
മലപ്പുറം: മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്നുപേരെ കണ്ടെത്താനായില്ല. ഫയർഫോഴ്സും പോലീസും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നു ഇന്നലെ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിലും ഫലമുണ്ടായില്ല.
കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോല റോഡിൽ താമസിക്കുന്ന സത്യന്റെ ഭാര്യ സരോജിനി(50), മരുമകൾ ഗീതു(22), ഗീതുവിന്റെ ഒന്നരവയസുകാരനായ മകൻ ധ്രുവൻ എന്നിവരെയാണ് മണ്ണിനടിയിൽപ്പെട്ടു കാണാതായത്. ഇവരുടെ വീടിനു മുകളിലൂടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ മണ്ണിടിച്ചിലുണ്ടായത്.
സംഭവ സമയത്ത് അമ്മ സരോജിനിയുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മകൻ ശരത് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. സത്യൻ ഈ സമയം പുറത്തുപോയതായിരുന്നു. മണ്ണിടിഞ്ഞപ്പോൾ വീടിനുള്ളിലായിരുന്നു ഗീതുവും മകൻ ധ്രുവനും. ഗീതുവും ശരത്തും തമ്മിൽ രണ്ടുവർഷം മുന്‍പാണ് വിവാഹം നടന്നത്. മോങ്ങം വാലഞ്ചേരി സ്വദേശിനിയാണ് ഗീതു. ഗീതു അപകടത്തിൽപ്പെട്ടതറിഞ്ഞു ഗീതുവിന്റെ ചെറിയച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെല്ലാം വെള്ളിയാഴ്ച വൈകിട്ടു കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോലീസ് കടത്തിവിട്ടില്ല.
ഇന്നലെ ഇവിടെ പുതിയ വിള്ളൽ രൂപപ്പെട്ടതിനാൽ ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിനു അല്പം മുകൾ ഭാഗത്താണ് 30 മീറ്റർ നീളത്തിലും 15 സെന്റീമീറ്റർ വീതിയിലുമായി പുതിയ വിള്ളൽ കാണപ്പെട്ടത്. കനത്തമഴയും തെരച്ചിലിനെ ബാധിച്ചു.
കണ്ണൂരിൽ മൂന്നു മരണം, ആലക്കോട്ട് ഉരുൾപൊട്ടൽ
കണ്ണൂർ: മഴക്കെടുതിയിൽ ഇന്നലെ കണ്ണൂർ ജില്ലയിൽ രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നു പേർ വെള്ളക്കെട്ടിൽ വീണ് മരിച്ചു. തലശേരി പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന് ആര്വിൻ നിഥേവ് (രണ്ട്), വയത്തൂര് കാലാങ്കി പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലത്തെ കൃഷ്ണൻ (62) എന്നിവരാണു മരിച്ചത്.
പുളിങ്ങോം ആറാട്ട്കടവ് കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന് (51) വെള്ളിയാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മഴക്കെടുതിയിൽനിന്നു രക്ഷപ്പെടാൻ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് കർണാടക വനത്തോടു ചേർന്നുള്ള ആറാട്ടുകടവിൽ വച്ച് ഇദ്ദേഹത്തെ ആന ആക്രമിച്ചത്. ഇതോടു കൂടി മഴക്കെടുതിയിൽ കണ്ണൂരിൽ മരിച്ചവരുടെ എണ്ണം ആറായി. ആലക്കോട് പാത്തൻപാറ മേലേരംതട്ടിൽ രണ്ടിടത്തായി ഉരുൾപൊട്ടി വ്യാപകമായി കൃഷി നശിച്ചു. റോഡുകൾ ഉൾപ്പെടെയുള്ളവ തകർന്നു നിരവധി വീടുകളും അപകട ഭീഷണിയിലാണ്.ജില്ലയില്‍ വിവിധ താലൂക്കുകളിലായി 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
9743 പേരാണ് വിവിധ കേന്ദ്രങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2525 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 24 ക്യാമ്പുകളിലായി 2375 പേരുമാണുള്ളത്. തലശേരി താലൂക്കില്‍ 19 ക്യാമ്പുകളിലായി 1560 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരും കഴിയുന്നുണ്ട്. പാനൂർ, മാഹി, ആലക്കോട്, കരുവഞ്ചാൽ, ചപ്പാരപ്പടവ്, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട്ട് ശമനമില്ലാതെ മഴ; ഇന്നലെ രണ്ട് മരണം
കോഴിക്കോട്: കാലവര്‍ഷം ഏറെ നാശം വരുത്തിയ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരുന്നു. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് ഇന്നലെ രണ്ടു പേരാണു മരിച്ചത്. കോഴിക്കോട് കല്ലായിയില്‍ മരം വീണു ബൈക്ക് യാത്രികന് മരിച്ചു. കൊയിലാണ്ടി അരിക്കുളം വാകമോളിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. വാകമോളി പുഷ്പകത്ത് സുരേന്ദ്രന്(45) ആണ് മരിച്ചത്. രണ്ടു ദിവസമായി സുരേന്ദ്രനെ കാണാതായിരുന്നു.
ഇന്നലെ ഉച്ചയോടെയാണു വീടിനോടു ചേര്‍ന്നു മൃതദേഹം കണ്ടെത്തിയത്. കല്ലായ് റോഡില്‍ കല്ലായ് പാലത്തിനു സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിനു മുകളില്‍ മരം വീണ് ബൈക്ക് യാത്രികനായ ഫ്രാന്‍സിസ്, കോട്ടൂളിപാടത്ത് നിദ നിവാസില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.
തീവ്രത കുറഞ്ഞാലും തുടര്‍ച്ചയായ മഴ ഉണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളില്‍ മലയോരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 13 മുതല്‍ 16 വരെ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ 29 ബോട്ടുകൾ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മാവൂര്‍, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയല്‍, പൂളക്കോട് എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് കൂടുതൽ. ഇതില്‍ മാവൂര്‍, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. കനത്ത മഴ തുടരുമ്പോഴും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നിവയ്ക്കൊപ്പം കൊയിലാണ്ടി, മൂടാടി, പുതിയാപ്പ, വെള്ളയില്‍, ബേപ്പൂര്‍, നൈനാംവളപ്പ് തുടങ്ങി തീരങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനുണ്ട്.